ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് അഞ്ച് ട്രില്യണ്‍ സമ്പദ്വ്യവസ്ഥയിലേക്കുള്ള രൂപരേഖയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമൂഹിക സുരക്ഷ, സാങ്കേതിക വിദ്യ, ഊര്‍ജസംരക്ഷണം തുടങ്ങിയവയില്‍ രാജ്യം കൈവരിച്ച നേട്ടങ്ങളും സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടിലൂടെ മനസിലാക്കാമെന്നും മോദി പറഞ്ഞു.
2019-20 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ സമ്പദ്വ്യവസ്ഥ ഏഴ് ശതമാനം നിരക്കില്‍ വളരുമെന്നാണ് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 5.8 ശതമാനമായിരിക്കും ധനകമ്മിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
സമ്പദ് വ്യവസ്ഥ എട്ട് ശതമാനം നിരക്കില്‍ വളര്‍ന്നാല്‍ മാത്രമേ 2025ല്‍ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥ എന്ന ഇന്ത്യയുടെ ലക്ഷ്യം കൈവരിക്കാനാവു. പുതിയ തൊഴിലുകള്‍ സൃഷ്ടിക്കുന്നതിനാണ് രാജ്യം ഇനി പ്രാധാന്യം നല്‍കേണ്ടത്. ഇതിനായി സ്വകാര്യ നിക്ഷേപം പ്രോല്‍സാഹിപ്പിക്കണമെന്നും സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.