ടോക്കിയോ: പൂര്‍ണ ആണവനിരായുധീകരണം സാധ്യമാകുന്നതു വരെ ഉത്തരകൊറിയയുമായുള്ള സാമ്പത്തിക ഉപരോധം നിലനില്‍ക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ.
ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് പ്രാധാന്യം നല്‍കുന്നതായും ഉപരോധം ഒരിക്കലും ഭരണത്തെ ലഘൂകരിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. ജപ്പാന്‍ വിദേശകാര്യമന്ത്രി താരോ കോനോയുമായും ദക്ഷിണ കൊറിയന്‍ വിദേശകാര്യമന്ത്രി കാങ് ക്യുങ് വായുമായും ടോക്കിയോയില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു പോംപിയോ ഇക്കാര്യം വ്യക്തമാക്കിയത്. നിരായുധീകരണം സംബന്ധിച്ച വിഷയത്തില്‍ ഉത്തര കൊറിയയുടെ നിലപാട് തീര്‍ത്തും വേദനാജനകമാണെന്നും പോംപിയോ അറിയിച്ചു.
ഉത്തര കൊറിയ ആണവ നിരായുധീകരണം നടപ്പാകാത്ത സാഹചര്യത്തില്‍ അമേരിക്കയുടെ രാജ്യസുരക്ഷയ്ക്കും സാമ്പത്തിക നയത്തിനും വിദേശ നയത്തിനും കൊറിയ ഭീഷണിയാണ്. അതുകൊണ്ട് തന്നെ ഒരു വര്‍ഷത്തേക്ക് കൂടി ഉപരോധം തുടരണമെന്ന് ട്രംപിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ നേരത്തെ അറിയിച്ചിരുന്നു.
അതേസമയം, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണത്തലവന്‍ കിം ജോങ് ഉന്നും തമ്മില്‍ നടത്തിയ ആദ്യ കൂടിക്കാഴ്ച പൂര്‍ണ വിജയമായിരുന്നു. കൂടിക്കാഴ്ചയില്‍ ഉത്തരകൊറിയയും അമേരിക്കയും സമാധാന ഉടമ്പടിയില്‍ ഒപ്പുവെയ്ക്കുകയും ചെയ്തിരുന്നു. കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ച ഗംഭീരമായിരുന്നു എന്ന് ട്രംപ് വ്യക്തമാക്കുകയും ചെയ്തിരുന്നു.
ട്രംപും കിമ്മും ചേര്‍ന്ന് ഒപ്പുവെച്ച ഉടമ്പടിയെ തുടര്‍ന്ന് കൊറിയന്‍ ഉപദ്വീപിലെ സമ്പൂര്‍ണ്ണ നിരായുധീകരണത്തിനായി ഉത്തരകൊറിയ ശ്രമിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു. സിംഗപ്പൂരിലെ സെന്റോസ ദ്വീപിലുള്ള കാപെല്ല ഹോട്ടലിലായിരുന്നു ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ഹസ്തദാനം ചെയ്ത സമയത്തും ആദ്യഘട്ട കൂടിക്കാഴ്ചയ്ക്കു ശേഷം പുറത്തുവന്നപ്പോഴും ഇരു നേതാക്കളും സന്തുഷ്ടരായിരുന്നുവെന്നും ദൃശ്യങ്ങള്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന് തുടക്കം കുറിക്കുന്നതായിരുന്നു കൂടിക്കാഴ്ച.