ഹവാനാ: ക്യൂബയിലെ ജനങ്ങള്‍ക്ക് മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍.
ആരംഭഘട്ടത്തില്‍ മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ ഒരു ചെറിയ വിഭാഗത്തിനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗം വ്യാപകമാക്കുമെന്നാണ് അധികാരികള്‍ അറിയിച്ചിരിക്കുന്നത്.
3ജി സംവിധാനമാണ് ക്യൂബയില്‍ നില നില്‍ക്കുന്നത്. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനും സമ്പദ്ഘടനക്ക് കരുത്ത് പകരാനും ഇന്റര്‍നെറ്റിന്റെ ഉപയോഗം ഉപകരിക്കുമെന്നാണ് പ്രസിഡന്റ് മിഗുല്‍ ഡയസ് കാനല്‍ വ്യക്തമാക്കിയിരിക്കുന്നത്.
അമേരിക്കന്‍ ഉപരോധം നിലനില്‍ക്കുന്ന രാജ്യമാണ് ക്യൂബ. അതിനാല്‍ തന്നെ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതില്‍ രാജ്യം ബഹുദൂരം പിന്നിലാണ്. 2013 വരെ ക്യൂബയിലെ വലിയ ഹോട്ടലുകളില്‍ മാത്രമാണ് ഇന്റര്‍നെറ്റ് സംവിധാനം ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.