ലോകത്തിലെ വളര്‍ന്നു കൊണ്ടിരിക്കുന്ന സമ്പദ്ഘടനകളില്‍ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം

ന്യൂഡല്‍ഹി: 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 7.3 ശതമാനം വളര്‍ച്ച നേടുമെന്ന് ലോക ബാങ്ക്. അടുത്ത രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ രാജ്യം 7.5 ശതമാനം വളര്‍ച്ച നേടുമെന്നാണ് ലോക ബാങ്ക് പ്രവചിച്ചിരിക്കുന്നത്. ഗ്ലോബല്‍ ഇക്കണോമിക് പ്രോസ്‌പെക്ട് റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം ഉള്ളത്.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഇപ്പോള്‍ ശക്തവും സുസ്ഥിരമായ വളര്‍ച്ച കൈവരിക്കാന്‍ പര്യാപ്തവുമാണ്. ലോകത്തിലെ വളര്‍ന്നു കൊണ്ടിരിക്കുന്ന സമ്പദ്ഘടനകളില്‍ ഇന്ത്യയാണ് ഒന്നാം സ്ഥാനത്തെന്നും ലോക ബാങ്ക് ഡവലപ്‌മെന്റ് പ്രോസ്‌പെക്ട്‌സ് ഗ്രൂപ്പ് ഡയറക്ടര്‍ അയ്ഹാന്‍ കോസ് വ്യക്തമാക്കി. ഉപഭോഗം വര്‍ധിച്ചതും നിക്ഷേപങ്ങള്‍ ഉയര്‍ന്നതും സമ്പദ്ഘടനയ്ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തിയിരിക്കുന്നത്.

ദക്ഷിണേഷ്യയിലെ വളര്‍ച്ച ഈ വര്‍ഷം 6.9 ശതമാനമായി മാറുമെന്നും 2019ല്‍ 7.1 ശതമാനമായി ഉയരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ചൈനയുടെ വളര്‍ച്ച കഴിഞ്ഞ വര്‍ഷത്തെ 6.9 ശതമാനത്തില്‍ നിന്ന് ഈ വര്‍ഷം 6.5 ശതമാനമായി കുറയും. 2019ല്‍ ഇത് 6.3 ശതമാനവും 2020ല്‍ 6.2 ശതമാനവുമായി മാറുമെന്നാണ് സൂചന.

Top