സാമ്പത്തിക മുന്നേറ്റത്തിൽ ഈ വർഷം ഇന്ത്യ റഷ്യയെ മറികടക്കും !

ന്യൂഡല്‍ഹി: വന്‍കിട സാമ്പത്തിക ശക്തികളെയും പിന്നിലാക്കി വളരെ മികച്ച മുന്നേറ്റമാണ് കഴിഞ്ഞു പോയ വര്‍ഷം ഇന്ത്യന്‍ സാമ്പത്തിക രംഗം കൈവരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍. ഈ മുന്നേറ്റം തുടര്‍ന്നാല്‍, റഷ്യയെ മറി കടന്ന് ലോകത്തിലെ അഞ്ചാം സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്നും വിദഗ്ദര്‍ പറയുന്നു. എന്നാല്‍ അത്ര സരളമായിരിക്കില്ല ഇന്ത്യയുടെ കുതിപ്പെന്നും സൂചനകള്‍ ഉണ്ട്.

ആഗോളതലത്തില്‍ തന്നെ സാമ്പത്തിക വളര്‍ച്ച കഴിഞ്ഞ വര്‍ഷം 3.20 ശതമാനമായിരുന്നു. എന്നാല്‍ 2019ല്‍ ഇത് 2.8 ശതമാനമായി കുറയുമെന്നാണ് ജപ്പാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാമ്പത്തിക ഏജന്‍സിയായ നൊമുറ ഫോള്‍ഡിംഗ് വ്യക്തമാക്കുന്നത്. അമേരിക്കയെയും ചൈനയെയുമാണ് ഇത് കാര്യമായി ബാധിച്ചിരിക്കുന്നത്.

2018ല്‍ പലിശ നിരക്കുകളില്‍ രണ്ട് തവണയാണ് മാറ്റം വരുത്തിയത്, ഈ വര്‍ഷം ആദ്യ പാദമെങ്കിലും റിസര്‍വ് ബാങ്ക് അത്തരം നടപടികളിലേക്ക് നീങ്ങില്ലെന്നാണ് സൂചനകള്‍ ഉള്ളത്. റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി ചുമതലയേറ്റ ശക്തികാന്ത ദാസിന്റെ സാമ്പത്തിക നയങ്ങളിലെ മൃദു സമീപനവും മുതല്‍ കൂട്ടാകാനാണ് സാധ്യത.

തിരഞ്ഞെടുപ്പ് അടുത്തു വരുന്നതിനാല്‍ കര്‍ഷകരെ പ്രീതിപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. നികുതി ഒഴിവാക്കി നടപടികള്‍ കൂടാതെ വിളകള്‍ക്ക് പ്രതിഫലം നേരിട്ട് കര്‍ഷകരുടെ കൈയില്‍ എത്തിക്കുവാനുള്ള വഴികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top