സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത വാഹനങ്ങളാണ് ഫോര്‍ഡിനുള്ളതെന്നാണ് ആളുകള്‍ അഭിപ്രായപ്പെടുന്നത്. സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്ന ഒരു വീഡിയോയാണ് ഈ വാദത്തിന് ഇപ്പോല്‍ ഊന്നല്‍ നല്‍കാനായി ഫോര്‍ഡ് ആരാധകര്‍ ഉയര്‍ത്തിക്കാട്ടുന്നത്.
ഫോര്‍ഡിന്റെ കോംപാക്ട് എസ്യുവി മോഡലായ ഇക്കോസ്പോര്‍ട്ടിലേക്ക് ഒരു ലോറി മറിയുന്നതിന്റെ വീഡിയോയാണ് സുരക്ഷയുടെ തെളിവായി ഇവര്‍ പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ബെംഗളൂരുവിലാണ് ഈ അപകടം നടക്കുന്നത്. എതിര്‍ദിശയില്‍ പോകുകയായിരുന്ന ട്രക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ഇക്കോസ്പോര്‍ട്ടിന് മുകളിലേക്ക് മറിയുകയായിരുന്നു. ഇക്കോ സ്പോര്‍ട്ടിന്റെ മുന്നില്‍ ഇടിച്ചതിനാല്‍ വാഹനത്തിന് നിസാരമായ കേടുപാടുകള്‍ സംഭവിച്ചെങ്കിലും ഡ്രൈവര്‍ രക്ഷപ്പെട്ടു. സൈഡ് എയര്‍ബാഗ് റിലീസായതിനാല്‍ യാത്രക്കാരന് ഒരു പോറല്‍ പോലും സംഭവിച്ചിട്ടുമില്ല.
വളരെ കുറഞ്ഞ വേഗതയില്‍ റോഡിന്റെ മധ്യനിരയിലൂടെയാണ് കാര്‍ സഞ്ചരിക്കുന്നതെന്ന് വീഡിയോയില്‍ കാണാം. ഡാഷ്ബോര്‍ഡില്‍ ഉറപ്പിച്ച ക്യാമറയിലാണ് അപകടം ദൃശ്യം പതിഞ്ഞിട്ടുള്ളത്. ട്രക്കിന്റെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്നാണ് നിയന്ത്രണം നഷ്ടപ്പെട്ടതെന്നും തുടര്‍ന്ന് ഡിവൈഡറില്‍ ഇടിച്ച് ഇക്കോ സ്പോര്‍ട്ടിലേക്ക് മറിയുകയായിരുന്നെന്നുമാണ് റിപ്പോര്‍ട്ടുകള്‍.