സ്വാമി നിത്യാനന്ദയ്ക്ക് അഭയം നല്‍കിയിട്ടില്ലെന്ന് ഇക്വഡോർ

ന്യൂഡല്‍ഹി : വിവാദ ആള്‍ദൈവം സ്വാമി നിത്യാനന്ദയ്ക്ക് അഭയം നല്‍കിയിട്ടില്ലെന്ന് ഇക്വഡോർ. ഇക്വഡോറില്‍ നിന്ന് വാങ്ങിയ ദ്വീപില്‍ നിത്യാനന്ദ കൈലാസ എന്ന ഹിന്ദു രാജ്യം സ്ഥാപിച്ചതായുള്ള വെളിപ്പെടുത്തല്‍ പുറത്തുവന്നതിന് പിന്നാലെയാണ് വിശദീകരണം.

നിത്യാനന്ദയ്ത്ത് അഭയം നല്‍കാന്‍ സഹായിക്കുകയോ ദക്ഷിണ അമേരിക്കയില്‍ ഏതെങ്കിലും ഭൂമി വാങ്ങാന്‍ സഹായിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇക്വഡോർ എംബസി ഇറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

നിത്യാനന്ദയുടെ ഒളിച്ചോട്ടവുമായി ബന്ധപ്പെട്ട് ഇന്ത്യൻ മാധ്യമങ്ങളിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും നിത്യാനന്ദയുടെ അഭ്യർത്ഥന തങ്ങൾ തള്ളിയതായും നിത്യാനന്ദ ഹെയ്തിയിലേക്ക് പോയതായും എംബസി വ്യക്തമാക്കി.

പ്രധാനമന്ത്രിയും മന്ത്രിസഭയുമെല്ലാമുള്ള പരമാധികാര റിപ്പബ്ലിക് ആണ് തന്റെ രാജ്യമെന്നും ‘ഭൂമിയിലെ മഹത്തായ ഹിന്ദു രാജ്യം’ ആണിതെന്നും നിത്യാനന്ദ വെബ് സൈറ്റിലൂടെ അവകാശപ്പെട്ടിരുന്നു.

ബലാത്സംഗ കേസില്‍ അറസ്റ്റുണ്ടാകുമെന്ന് ഉറപ്പായതിനെത്തുടര്‍ന്നാണ് നിത്യാനന്ദ ഇന്ത്യ വിട്ടത്. മാത്രമല്ല, രണ്ട് പെൺകുട്ടികളെ അഹമ്മദാബാദിലെ ആശ്രമത്തിൽ അനധികൃതമായി തടഞ്ഞുവച്ച കേസിൽ നിത്യാനന്ദയ്‌ക്കെതിരെ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. നിത്യാനന്ദയുടെ അനുയായികളായ പ്രാണപ്രിയ, പ്രാണതത്വ എന്നിവർ പൊലീസ് കസ്റ്റഡിയിലാണ്.

Top