ED arrests Zakir Naik aide in PMLA case

മുംബൈ: വിവാദ മതപ്രചാരകന്‍ ഡോ. സാകിര്‍ നായിക്കിന്റെ വിശ്വസ്തന്‍ അറസ്റ്റില്‍. സാക്കിര്‍ നായികുമായി ബന്ധപ്പെട്ട കമ്പനികളുടെ ഡയറക്ടര്‍ ആമിര്‍ ഗസ്ദറാണ് അറസ്റ്റിലായത്.

കണക്കില്‍പ്പെടാത്ത പണം വെളുപ്പിക്കല്‍ കേസിലാണ് എന്‍ഫോഴസ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വ്യാഴാഴ്ച ഇയാളെ അറസ്റ്റ് ചെയ്തത്. സാകിര്‍ നായികിന് ലഭിച്ച വിദേശ പണം വിവിധ കമ്പനികളിലൂടെ കൈകാര്യം ചെയ്തത് ആമിര്‍ ഗസ്ദറാണ്.

പണം വെളുപ്പിക്കാന്‍ ഉപയോഗിച്ച ആറ് വ്യാജ കമ്പനികളുടെ ഡയറക്ടറാണ് ആമിര്‍. സാകിര്‍ നായികിന്റെ സഹോദരി നഹിലാ നൂരിയുടെ പേരിലുള്ള കെട്ടിട നിര്‍മ്മാണ കമ്പനിയായ ‘ലോങ് ലാസ്റ്റ് കണ്‍സ്ട്രക്ഷനി’ല്‍ ആമിര്‍ ഗസ്ദറിന് 10 ശതമാനം ഓഹരിയുണ്ട് തുടങ്ങിയ ആരോപണങ്ങളാണ് ഇ.ഡി ഉന്നയിക്കുന്നത്.

അന്വേഷണവുമായി സഹകരിക്കാത്തതിനെ തുടര്‍ന്നാണ് അറസ്റ്റെന്നും ഇന്ന് കോടതിയില്‍ ഹാജറാക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതേസമയം, ഈമാസം 28 ന് മുമ്പ് ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സാകിര്‍ നായികിന് ഇ.ഡി പുതിയ സമന്‍സ് അയച്ചു.

നേരത്തെ ജനവരി 31 ന് മുമ്പ് ഹാജരാകാന്‍ ആശ്യപ്പെട്ട് സമന്‍സ് അയച്ചിരുന്നു. അയച്ച മേല്‍വിലാസത്തില്‍ ആള്‍ താമസമില്ലാത്തതിനാല്‍ പുതിയ സമന്‍സ് സാകിറിന്റെ സ്ഥാപനമായ ഇസ്ലാമിക് റിസര്‍ച്ച് സെന്ററിന്റെ അഭിഭാഷകര്‍ക്ക് കൈമാറിയതായി ഇ.ഡി വൃത്തങ്ങള്‍ അറിയിച്ചു.

നേരത്തെ, ഇ.ഡി സമന്‍സ് അയച്ചതിനെ തുടര്‍ന്ന് ആമിര്‍ ഗസ്ദാറും ഇസ്ലാമിക് റിസര്‍ച്ച് സെന്ററുമായി ബന്ധപ്പെട്ടവരും ഇ.ഡിക്ക് മുമ്പാകെ ഹാജറായിരുന്നു.

സമന്‍സ് പ്രകാരം ഹാജരായി ചോദ്യം ചെയ്യലിനിടെയാണ് ആമിര്‍ ഗുസ്ദര്‍ അറസ്റ്റിലായത്. ഇ.ഡി വീട്ടില്‍ റെയ്ഡ് നടത്തി പിടിച്ചെടുത്ത പണവും ആഭരണങ്ങളും തിരിച്ചു നല്‍കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ആമിര്‍ കോടതിയെ സമീപിച്ചിരുന്നു.

Top