‘ഫെമ നിയമം ലംഘിച്ചു’; ബിബിസിക്കെതിരെ ഇഡി കേസ്

ദില്ലി : ബിബിസിക്കെതിരെ നടപടിയുമായി ഇഡി. ഫെമ (foreign exchange management act) നിയമം ലംഘിച്ചതിന് ബിബിസിക്കെതിരെ കേസെടുത്തു. സ്ഥാപനത്തിലെ രണ്ട് മുതിർന്ന ജീവനക്കാരോട് ഇഡി ഓഫീസിൽ ഹാജരാകാനും ആവശ്യപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരിയിൽ ബിബിസി ഓഫീസുകളിൽ കേന്ദ്ര അന്വേഷണ സംഘം പരിശോധനകൾ നടത്തിയിരുന്നു. ഇന്ത്യയിൽ നിന്നും ബിബിസി നേടിയ ലാഭം വകമാറ്റിയതുമായി ബന്ധപ്പെട്ട് ഗുരുതര ക്രമക്കേടുകളുണ്ടായെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തൽ. ഇതിന് പിന്നാലെയാണ് ഫെമ നിയമം ലംഘിച്ചതിന് ഇഡി കേസെടുത്തത്.

ആദായ നികുതി വകുപ്പ് റെയ്ഡ് വിവാദമായ ശേഷമാണ് ബിബിസിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വഷണം തുടങ്ങിയിരിക്കുന്നത്. വിദേശ നാണയ വിനിമയ ചട്ടം ബിബിസി ഇന്ത്യ ലംഘിച്ചെന്നാണ് ഇഡി ആരോപണം. വിദേശ നിക്ഷേപം സ്വീകരിക്കുന്നതിൽ സ്ഥാപനം നടപടി ക്രമങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയെന്നും ഇഡി വൃത്തങ്ങൾ പറയുന്നു. അഡ്മിൻ, എഡിറ്റോറിയൽ വിഭാ​ഗങ്ങളിലെ രണ്ട് ജീവനക്കാരോട് ചോദ്യം ചെയ്യലിന് ഹാജരാകാനും ബാങ്ക് ഇടപാട് വിശദാംശങ്ങളടക്കം കൈമാറാനുമാണ് നിർദേശം നൽകിയത്.

ഫെബ്രുവരിയിൽ ആദായ നികുതി വകുപ്പ് ബിബിസി ഇന്ത്യയുടെ ദില്ലി മുംബൈ ഓഫീസുകളിൽ മൂന്ന് ദിവസം നീണ്ടു നിന്ന സർവേ നടത്തിയിരുന്നു. രാജ്യത്തെ പ്രവർത്തനങ്ങളിൽനിന്നുള്ള ലാഭം വിദേശത്തേക്ക് വകമാറ്റുന്നതിൽ ചട്ടലംഘനമുണ്ടെന്ന് കണ്ടെത്തിയതായും പിന്നീട് ആദായനികുതി വകുപ്പ് അറിയിച്ചിരുന്നു. ​ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്കിനെപറ്റി പരാമർശിക്കുന്ന ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിന് പിന്നാലെയാണ് ബിബിസിയുടെ ഇന്ത്യയിലെ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധനക്കെത്തിയത്. വിഷയത്തിൽ ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ഇക്കാര്യത്തിലുള്ള പ്രതിഷേധം ഇന്ത്യയെ അറിയിച്ചിരുന്നു. എന്നാൽ പിന്നോട്ടില്ലെന്ന സന്ദേശമാണ് പുതിയ നടപടിയിലൂടെ സർക്കാർ നല്കുന്നത്.

Top