പോപ്പുലർ ഫ്രണ്ട് നേതാവിന്റെ 2.5 കോടിയുടെ റിസോർട്ട് ഇഡി കണ്ടുകെട്ടി

കൊച്ചി : നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് കോതമംഗലം സ്വദേശി എൻ കെ അഷ്റഫിന്റെ ഉടമസ്ഥയിലുളള റിസോർട്ട് എൻഫോഴ്സ്മെന്റ് ഡിറക്ടേറ്റ് കണ്ടുകെട്ടി. രണ്ടുകോടി അൻപത്തിമൂന്നുലക്ഷം രൂപയുടെ ആസ്തിവകകളാണ് മരവിപ്പിച്ചത്. ഇടുക്കിയിൽ നാലുവില്ലകളും ഏഴേക്കറോളം ഭൂമിയും ഉൾപ്പെടുന്ന സ്വകാര്യ ടൂറിസം പദ്ധതിയാണിത്. എൻ കെ അഷ്റഫിനെതിരെ കളളപ്പണം വെളുപ്പക്കലിന് ഇഡി കേസെടുത്തിരുന്നു. ഈ അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് നടപടി.

കഴിഞ്ഞ ദിവസം, പോപ്പുലർ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള മഞ്ചേരി ഗ്രീൻവാലി അക്കാദമി എന്‍ഐഎ കണ്ടുകെട്ടിയിരുന്നു.10 ഹെക്ടർ വിസ്തൃതിയുള്ള കേന്ദ്രത്തിൽ ആയുധപരിശീലനവും കായിക പരിശീലനവും നടന്നിരുന്നുവെന്ന് എൻഐഎ സ്ഥിരീകരിച്ചു. സ്ഫോടക വസ്തുക്കളടക്കം പരീക്ഷിച്ചെന്നും കണ്ടെത്തിയിരുന്നു. മഞ്ചേരിയിലെ ഈ പരിശീലന കേന്ദ്രം പിഎഫ്ഐയില്‍ ലയിച്ച നാഷണല്‍ ഡെവലപ്മെന്റ് ഫ്രണ്ട് നേരത്തേ ഉപയോഗിച്ചിരുന്നുവെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.

കൊച്ചി എന്‍ഐഎ യൂണിറ്റില്‍ നിന്നുള്ള സംഘമാണ് ഇന്നലെ അര്‍ദ്ധരാത്രിയോടെ ഗ്രിന്‍വാലി അക്കാദമി കണ്ടുകെട്ടിയത്. പോപ്പലര്‍ ഫ്രണ്ട് നിരോധിച്ചതിനു ശേഷം, കേരളത്തിലെ ആറാമത്തെ ആയുധ കായിക പരിശീലന കേന്ദ്രവും, സംഘടനയുടെ പതിനെട്ടാമത്തെ വസ്തുവുമാണ് എന്‍ഐഎ പിടിച്ചെടുത്തത്. യുഎ(പി)എ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണ് നടപടിയെടുത്തത്.

Top