പട്ന : ജോലിക്കു പകരം ഭൂമി അഴിമതി കേസിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ കുടുംബാംഗങ്ങളുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. ഡൽഹിയിലും പട്നയിലുമായുള്ള ആറു കോടിയോളം രൂപ വിലമതിക്കുന്ന സ്വത്തുക്കളാണു കണ്ടുകെട്ടിയത്. കേസിൽ ലാലു പ്രസാദ് യാദവ്, പത്നി റാബ്റി ദേവി, മക്കളായ മിസ ഭാരതി, തേജസ്വി യാദവ്, ചന്ദ യാദവ്, രാഗിണി യാദവ് എന്നിവരെ ഇഡി ചോദ്യം ചെയ്തിരുന്നു.
ലാലു പ്രസാദ് യാദവ് കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ നിയമനങ്ങൾക്കു പകരമായി ഉദ്യോഗാർഥികളിൽനിന്നു ഭൂമിയും വസ്തുക്കളും തുച്ഛ വിലയ്ക്കു കുടുംബാംഗങ്ങളുടെയും ആശ്രിതരുടെയും പേരിൽ എഴുതി വാങ്ങിയെന്നാണു കേസ്. ജോലി ഒഴിവുകൾ പരസ്യപ്പെടുത്താതെയാണു നിയമനങ്ങൾ നടത്തിയതെന്നും അന്വേഷണ ഏജൻസികളായ സിബിഐയും ഇഡിയും കണ്ടെത്തിയിരുന്നു.