കേന്ദ്ര സർക്കാറിന്റെ അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്, കേരളത്തിലെ കോൺഗ്രസ്സിനെ സംബന്ധിച്ച് ഹീറോകളാണ്. ഈ ഏജൻസി സംസ്ഥാന സർക്കാറിനെതിരെ തിരിഞ്ഞാൽ, അത് കോൺഗ്രസ്സ് വല്ലാതെയങ് ആഘോഷിക്കും. ചാനൽ ചർച്ചകളിൽ ഇരുന്ന് ബി.ജെ.പി നേതാക്കളേക്കാൾ ശക്തമായി ആഞ്ഞടിക്കും, തെരുവിലിറങ്ങി പറ്റാവുന്ന എല്ലാ അഭ്യാസങ്ങളും നടത്തും. അതാണ് രീതി. ഈ കീഴ്വഴക്കം ഇപ്പോഴും അവർ തുടരുകയാണ്.
സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ, മുഖ്യമന്ത്രിക്കെതിരെ എൻഫോഴ്സ്മെന്റ് കേസെടുക്കണമെന്നതാണ് കേരളത്തിലെ കോൺഗ്രസ്സിന്റെ ആവശ്യം. ഈ ആവശ്യം കേന്ദ്രത്തിലെ കോൺഗ്രസ്സിനുണ്ടോ എന്നതാണ് വ്യക്തമാക്കേണ്ടത്. രാഹുൽ ഗാന്ധിക്കും സോണിയക്കുമെതിരെ എൻഫോഴ്സ്മെന്റ് തിരിഞ്ഞാൽ അത് രാഷ്ട്രീയ പ്രേരിതം, ഇതേ ഏജൻസി പിണറായിക്കും മറ്റു ഇടതുപക്ഷ നേതാക്കൾക്കുമെതിരെ തിരിഞ്ഞാലത് അനിവാര്യമായ നടപടിയെന്നതാണ് കോൺഗ്രസ്സ് നിലപാട്. ഈ വല്ലാത്ത ഒരു നിലപാടിനെ ഇരട്ടത്താപ്പ് എന്നാണ് വിളിക്കുക.
എൻഫോഴ്സ്മെന്റും കസ്റ്റംസും എൻ.ഐ.എയും സംയുക്തമായി അന്വേഷിച്ചിട്ടും മുഖ്യമന്ത്രി പിണറായിക്കെതിരെ ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിനു ശേഷമാണ് ബിരിയാണി ചെമ്പിൽ വിവാദങ്ങൾ വേവിക്കാൻ സ്വപ്നയും സംഘവും ശ്രമിച്ചിരിക്കുന്നത്. അതും പാളിയ അവസ്ഥയാണ് നിലവിലുള്ളത്. പാതി വെന്ത ബിരിയാണിയുടെ അവസ്ഥയാണിത്. ഒരു പ്രതിക്ക് എന്തും ആരോപിക്കാം. എവിടെയും പോയി മൊഴികളും നൽകാം ജനാധിപത്യ ഇന്ത്യയിലെ സ്വാതന്ത്ര്യമാണത്. എന്നാൽ, പറയുന്നതിൽ കഴമ്പുണ്ടോ എന്നു പരിശോധിക്കേണ്ടത് അന്വേഷണ ഏജൻസികളാണ്. അവർ ഇക്കാര്യത്തിൽ രാഷ്ട്രീയ അജണ്ടയുമായി ഇറങ്ങിയാൽ അതിനെയും ആ രൂപത്തിൽ തന്നെയാണ് സമൂഹം വിലയിരുത്തേണ്ടത്.
സംഘപരിവാറും സി.പി.എമ്മും തമ്മിലുള്ള ശത്രുത പ്രത്യയശാസ്ത്രപരമായുള്ളതാണ്. ആർ.എസ്.എസിനെയും ബി.ജെ.പിയെയും സംബന്ധിച്ച് അവരുടെ കണ്ണിലെ പ്രധാന കരടും കമ്യൂണിസ്റ്റുകളാണ്. അവർ എത്ര പേർ ഉണ്ടെന്നു നോക്കിയല്ല ചുവപ്പ് ഒരു തരിയാണെങ്കിലും അത് തങ്ങളുടെ അജണ്ട നടപ്പാക്കുന്നതിന് തടസ്സമാകുമെന്ന് പരിവാർ നേതൃത്വത്തിനു നന്നായി അറിയാവുന്ന കാര്യമാണ്. അധികാരം ഉണ്ടെങ്കിലും ഇല്ലങ്കിലും കമ്യൂണിസ്റ്റുകളുടെ പോരാട്ടത്തെ അതു ബാധിക്കുകയില്ല. സി.പി.എമ്മിന് ഒരു എം.എൽ.എ മാത്രമുള്ള മഹാരാഷ്ട്രയിൽ ഭരണകൂടത്തെ വിറപ്പിച്ച കർഷക സമരം നടത്തിയത് സി.പി.എമ്മിന്റെ കർഷക സംഘടനയാണ്. ആർ.എസ്.എസ് ദേശീയ ആസ്ഥാനം പ്രവർത്തിക്കുന്ന സംസ്ഥാനത്ത് ബി.ജെ.പി സർക്കാർ ഭരിച്ചപ്പോഴുള്ള അവസ്ഥയാണിത്. കേന്ദ്ര സർക്കാറിനെ പ്രതിരോധത്തിലാക്കിയ ഡൽഹിയിലെ കർഷക സമരത്തിന്റെ പ്രധാന ബുദ്ധി കേന്ദ്രവും കമ്യൂണിസ്റ്റുകൾ തന്നെയാണ്. ഇതെല്ലാം കോൺഗ്രസ്സിനറിയില്ലെങ്കിലും രാജ്യം ഭരിക്കുന്ന ബി.ജെ.പിക്ക് ശരിക്കുമറിയാം.
കോൺഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങൾ ഒന്നൊന്നായി പിടിച്ച് മുന്നേറുന്ന ബി.ജെ.പിക്ക് മുന്നിൽ അവശേഷിക്കുന്നത്. രണ്ട് കോൺഗ്രസ്സ് സർക്കാറുകൾ മാത്രമാണ്. രാജസ്ഥാനും ചത്തീസ്ഗഢുമാണത്. ഖദർ ശരവേഗത്തിൽ കാവി അണിയുന്നതിനാൽ അടുത്ത തിരഞ്ഞെടുപ്പോടെ ഈ സംസ്ഥാനങ്ങൾ ബി.ജെ.പി പിടിച്ചാലും അത്ഭുതപ്പെടേണ്ടതില്ല.
കേരളത്തെ സംബന്ധിച്ച് ബി.ജെ.പിയുടെ പ്രധാന വെല്ലുവിളി ഇടതുപക്ഷമാണ്. സി.പി.എമ്മിന്റെ വോട്ട് ബാങ്ക് തകർക്കാതെ അവർക്ക് ഇവിടെ ഒന്നും ചെയ്യാൻ കഴിയുകയില്ല. ഉള്ള സീറ്റു പോലും ഇടതുപക്ഷം പിടിച്ചെടുത്തതിനാൽ ചുവപ്പിനോടുള്ള കലിപ്പും വർദ്ധിച്ചിരിക്കുകയാണ്. ഈ രാഷ്ട്രീയ പശ്ചാത്തലത്തിൽ വേണം കാര്യങ്ങളെ വിലയിരുത്തുവാൻ. അറസ്റ്റിലായപ്പോൾ കേന്ദ്ര ഏജൻസികൾക്കു മുന്നിലും പുറത്തിറങ്ങിയപ്പോൾ മാധ്യമങ്ങൾക്കും മുന്നിലും പറയാത്ത കാര്യങ്ങളാണിപ്പോൾ ആർ.എസ്.എസ് നിയന്ത്രിക്കുന്ന സ്ഥാപനത്തിൽ ജോലിക്കു കയറി സ്വപ്ന സുരേഷ് വിളിച്ചു പറയുന്നത്. ഇതു തന്നെയാണ് ഗൂഢാലോചന സംശയിക്കുന്നതിനും കാരണമായിരിക്കുന്നത്. എന്നാൽ, അന്ധമായ കമ്യൂണിസ്റ്റ് വിരോധത്താൽ കോൺഗ്രസ്സും യു.ഡി.എഫും സ്വപ്നയുടെ വാക്കുകൾ ഏറ്റെടുത്താണ് തെരുവിൽ പോരാട്ടത്തിനു ഇറങ്ങിയിരിക്കുന്നത്. രാഹുൽ ഗാന്ധിയെയും സോണിയാ ഗാന്ധിയെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ച എൻഫോഴ്സ്മെന്റിനെ തന്നെയാണ് കേരളത്തിലെ കോൺഗ്രസ്സ് നേതാക്കൾ വിശ്വസിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെയും ഇ.ഡി ചോദ്യം ചെയ്യണമെന്നതാണ് അവരുടെ ആവശ്യം. കോൺഗ്രസ്സ് ഹൈക്കമാന്റിന്റെ നിലപാടിന് എതിരായ നിലപാടാണിത്. ഇക്കാര്യത്തിൽ ഇ ഡി ഓഫീസിനു മുന്നിൽ കുഴഞ്ഞു വീണ കെ.സി വേണുഗോപാലും നിലപാട് വ്യക്തമാക്കേണ്ടതുണ്ട്.
മുഖ്യമന്ത്രി പിണറായിക്കെതിരെ ഉയർത്തിയ ‘ചെമ്പ് ‘ ആരോപണം പോലെയല്ല ഇത്. നെഹറു കുടുംബത്തിനെതിരെ ഉയർന്നിരിക്കുന്നത് തെളിവുകൾ ഉള്ള ആരോപണമാണ്. നാഷണൽ ഹെറാൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസാണിത്. നാഷണൽഹെറാൾഡിന്റെ പ്രസാധകരായ, അസോസിയേറ്റഡ് ജേണൽ ലിമിറ്റഡ് കമ്പനിയെ സോണിയ ഗാന്ധിയും രാഹുലും പ്രധാന ഓഹരി ഉടമകളായ യങ് ഇന്ത്യൻ ലിമിറ്റഡ് കമ്പനി 2010ൽ 50 ലക്ഷം രൂപയ്‌ക്ക് ഏറ്റെടുത്തതിലാണ് അന്വേഷണം നടക്കുന്നത്.
2000 കോടിയുടെ ആസ്‌തിയും ആയിരത്തിലധികം ഓഹരി ഉടമകളുമുള്ള സ്വത്താണ് 50 ലക്ഷത്തിന് നെഹ്റു കുടുംബം ഏറ്റെടുത്തിരിക്കുന്നത്. ബിജെപി നേതാവ് സുബ്രഹ്മണ്യൻസ്വാമിയാണ് 2013ൽ ഇതു സംബന്ധമായ പരാതി നൽകിയിരുന്നത്. മുടങ്ങിപ്പോയ നാഷണൽ ഹെറാൾഡ് പത്രം പുനരാരംഭിക്കുന്നതിന് കോൺഗ്രസ് 90 കോടിയുടെ പലിശരഹിത വായ്‌പ എ ജെ എല്ലിന് അനുവദിച്ചത് നിയമവിരുദ്ധമാണെന്നും പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ഈ കേസിൽ ചോദ്യം ചെയ്യലിനായാണ് രാഹുൽ ഗാന്ധി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുമ്പാകെ ഹാജരായിരിക്കുന്നത്. ഇതിനെയാണ് രാഷ്‌ട്രീയവേട്ടയെന്ന് ആരോപിച്ച് എൻഫോഴ്സ് മെന്റ് ഡയറക്ടറേറ്റിനെതിരെ കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തിയിരിക്കുന്നത്. ഇതിനിടയിൽപ്പെട്ടാണ് കെ.സി വേണുഗോപാൽ കുഴഞ്ഞു വീണിരിക്കുന്നത്. ഡൽഹിയിലെ കോൺഗ്രസ്സ് മാർച്ച് പ്രകോപനപരമായതോടെ കോൺഗ്രസിന്റെ മുതിർന്ന നേതാക്കളേയും എംപിമാരേയും പൊലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
കേന്ദ്ര ഏജൻസിക്കെതിരെ ഇത്തരത്തിൽ ഡൽഹിയിൽ പ്രതിഷേധം കടുപ്പിച്ചവരാണിപ്പോഴും കേരളത്തിൽ തെരുവിലിറങ്ങി ഇതേ ഏജൻസിക്കു വേണ്ടി വാദിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രകടനം നടത്തുന്ന കോൺഗ്രസ്സിന്റെ ലക്ഷ്യം മുഖ്യമന്ത്രി പിണറായിയുടെ രാജിയാണ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുഖ്യമന്ത്രിയെ പ്രതിയാക്കി കേസെടുക്കണമെന്നതും അവരുടെ വലിയ ആഗ്രഹമാണ്. വല്ലാത്ത ഒരാഗ്രഹം തന്നെയാണിത്.
EXPRESS KERALA VIEW