വിജയ് മല്യയെ പ്രഖ്യാപിത കുറ്റവാളിയായി വിളംബരം ചെയ്യണമെന്ന് ഡല്‍ഹി കോടതി

ന്യൂഡല്‍ഹി: ലണ്ടനില്‍ കഴിയുന്ന വിവാദ വ്യവസായി വിജയ് മല്യയെ പ്രഖ്യാപിത കുറ്റവാളിയായി വിളംബരം ചെയ്യണമെന്ന് ഡല്‍ഹി കോടതി.

വിദേശനാണ്യ വിനിമയ ചട്ടലംഘനം നടത്തിയ മല്യയെ പ്രഖ്യാപിത കുറ്റവാളിയാക്കുന്നതിന് വേണ്ട നടപടികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ദീപക് ഷെഹ്‌റാവത്താണ് ഇതു സംബന്ധിച്ച നടപടികള്‍ കൈകൊള്ളണമെന്ന് ഇ.ഡിക്ക് നിര്‍ദേശം നല്‍കിയത്.

അവസാന അവസരമെന്ന നിലയില്‍ ഡിസംബര്‍ 18ന് മുമ്പ് വിജയ് മല്യ കോടതിക്ക് മുന്നില്‍ ഹാജരാകണമെന്നും ഉത്തരവിലുണ്ട്.

വിജയ് മല്യക്കെതിരെ കാലാവധി ഇല്ലാത്ത ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇത് നടപ്പിലാകാതെ തിരിച്ചയക്കുകയാണുണ്ടായതെന്നും അദ്ദേഹത്തിനെതിരെ മറ്റ് യാതൊരു നടപടികളും എടുക്കാന്‍ ഏജന്‍സിക്ക് കഴിയില്ലെന്നും ഇ.ഡിക്ക് വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍.കെ മാത്ത കോടതിയില്‍ അറിയിച്ചു.

ഏപ്രില്‍ 12നായിരുന്നു മല്യക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. കാലാവധി ഇല്ലാത്ത വാറണ്ട് ആയിരുന്നിട്ടും മല്യ തിരിച്ചെത്തുകയോ കോടതിയിലെത്തുകയോ ചെയ്തില്ല.

കോടതിയലക്ഷ്യം ഉള്‍പ്പടെ നിരവധി കേസുകള്‍ മല്യക്കെതിരെ ഉണ്ടായിട്ടും തിരിച്ചെത്തിക്കാനോ കോടതിയില്‍ ഹാജരാക്കാനോ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ സെപ്റ്റംബറില്‍ ലണ്ടനിലെ കോടതിയില്‍ ഹാജരായപ്പോള്‍ ഇന്ത്യയിലേക്ക് തിരിച്ചുമടങ്ങാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയിരുന്നു.

Top