പേടിഎം ബാങ്കിംഗ് ആപ്പിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം. വിദേശനാണ്യ വിനിമയ നിയമം ലംഘിച്ച് നിക്ഷേപം സ്വീകരിച്ചു, നിക്ഷേപങ്ങളുടെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചുവെന്നതടക്കമുള്ള ആക്ഷേപങ്ങളുയരുന്ന പശ്ചാത്തലത്തിലാണ് പേടിഎമ്മിനെതിരെ ഇഡി അന്വേഷണം. പേടിഎം ബാങ്കിനെതിരെ റിസര്‍വ് ബാങ്കും നടപടി തുടങ്ങിയിട്ടുണ്ട്. പേടിഎമ്മിന്റെ ഫാസ്ടാഗ്, ടോപ് അപ് സേവനങ്ങള്‍ക്ക് ഫെബ്രുവരി 29 മുതല്‍ വിലക്കേർപ്പെടുത്തി. പുതിയ ഉപഭോക്താക്കളെ സ്വീകരിക്കുന്നതിനും വിലക്കുണ്ട്.
ഫെമ നിയമം ലംഘിച്ചതിൽ പേടിഎമ്മിനെതിരെ ഇഡി അന്വേഷണം നടക്കുന്നതായി ദിവസങ്ങൾക്ക് മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. പ്രതിസന്ധി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, കഴിഞ്ഞയാഴ്ച പേടിഎം സിഇഒ വിജയ് ശേഖർ ശർമ്മ ആർബിഐ ഗവർണറെയും ധനമന്ത്രി നിർമ്മല സീതാരാമനെയും കണ്ടിരുന്നു. ആർബിഐയുടെ നടപടി റെഗുലേറ്ററി എക്സെർസൈസാണെന്നും സർക്കാരിന് സഹായിക്കാനാകില്ലെന്നും ശർമ്മയെ ധനമന്ത്രി അറിയിച്ചിരുന്നു. സെൻട്രൽ ബാങ്കും പെയ്മെന്റ്സ് ബാങ്കിന് ഇളവ് അനുവദിക്കണമെന്ന ആവശ്യം നിരസിച്ചിരുന്നു.
തീരുമാനത്തിൽ പുനഃപരിശോധനയുണ്ടാകില്ലെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ഗുപ്ത വ്യക്തമാക്കിയിരുന്നു. ‘പുനഃപരിശോധനയുണ്ടാകുമെന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ ഞാൻ വ്യക്തമായി പറയുകയാണ്, ഈ തീരുമാനത്തിൽ പുനഃപരിശോധനയുമുണ്ടാകില്ല’; ആർബിഐ ഗവർണർ പറഞ്ഞു.