കൊച്ചി: കിഫ്ബിക്കെതിരായ ഫെമ അന്വേഷണം മുൻ ധനന്ത്രി തോമസ് ഐസക് തടസപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. ഐസക് തെറ്റായ വിവരങ്ങൾ ഇഡിയ്ക്കെതിരെ ഉന്നയിക്കുന്നു. ഫെമ നിയമലംഘനം അന്വേഷിക്കാൻ ഇ.ഡിയ്ക്ക് അധികാരമുണ്ടെന്നും സത്യവാങ്മൂലത്തിൽ അറിയിച്ചു.
കേസിന്റെ അന്വേഷണം തടസപ്പെടുത്താൻ ഹർജിക്കാർ ശ്രമിക്കുന്നു എന്നാണ് സത്യവാങ്മൂലത്തിലെ പ്രധാനപ്പെട്ട ആരോപണം. ഐസക് ഇ.ഡിയ്ക്കെതിരെ തെറ്റായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. അന്വേഷണത്തിൽ നിന്ന് ഒളിച്ചോടാനാണ് ഐസകിന്റെ ശ്രമം. അന്വേഷണവുമായി സഹകരിക്കുകയാണ് ചെയ്യേണ്ടത്. ഇത് പൂർത്തിയാകുമ്പോൾ മാത്രമേ കിഫ്ബി ഫെമ നിയമലംഘനം നടത്തിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമാകൂ. ഇപ്പോൾ അന്വേഷണം പ്രാരംഭഘട്ടത്തിലാണ്. കൂടുതൽ തെളിവുകൾ ലഭിക്കേണ്ടതുണ്ട്. കിഫ്ബി ഉദ്യോഗസ്ഥരെ വിളിപ്പിച്ചെങ്കിലും പലരും അന്വേഷണവുമായി സഹകരിക്കുന്നില്ല. അന്വേഷണം തടസപ്പെടുത്താൻ സാധ്യമായ എല്ലാ വഴികളുമാണ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നതെന്നും സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു.