ഇഡി തങ്ങളുടെ ജോലി എളുപ്പമാക്കി; റെയ്ഡിനെ വിമര്‍ശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍

ബെംഗളൂരു: തമിഴ്‌നാട് മന്ത്രി കെ പൊന്മുടിയുടെ ഔദ്യോഗിക വസതിയിലടക്കം എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തുന്ന റെയ്ഡിനെ വിമര്‍ശിച്ച് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനും കോണ്‍ഗ്രസ് നേതാക്കളും രംഗത്ത്. ബെംഗളൂരുവില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിനെത്തിയതായിരുന്നു എംകെ സ്റ്റാലിന്‍. തമിഴ്‌നാട്ടില്‍ ഗവര്‍ണര്‍ ഡിഎംകെയ്ക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയെന്ന് പരിഹസിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഇഡി തങ്ങളുടെ ജോലി എളുപ്പമാക്കിയെന്നും പ്രതികരിച്ചു. പ്രതിപക്ഷം ഐക്യം തകര്‍ക്കാനാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ ശ്രമം. ഡിഎംകെയ്ക്ക് ഇതിനെ നേരിടാന്‍ അറിയാം. ഒന്നിനെയും ഭയക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിപക്ഷ യോഗത്തെ കുറിച്ച് വിശദീകരിക്കാന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ റെയ്ഡിനെതിരായ വിമര്‍ശനം. രാജ്യത്ത് ഇഡി രാജാണ് നടക്കുന്നതെന്ന് ബെംഗളൂരുവില്‍ വാര്‍ത്താ സമ്മേളനം നടത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ കെസി വേണുഗോപാലും ജയ്‌റാം രമേശും വിമര്‍ശിച്ചു. തമിഴ്‌നാട് പിസിസിയും റെയ്ഡിനെ വിമര്‍ശിച്ച് രംഗത്ത് വന്നു. ഇഡി റെയ്ഡിനെതിരെ രംഗത്ത് വന്ന തമിഴ്‌നാട് പിസിസി അധ്യക്ഷന്‍ കെഎസ് അഴഗിരി വിരട്ടിയാല്‍ പേടിക്കില്ലെന്നും ഇഡി നടപടികള്‍ ബിജെപിയെ ദുര്‍ബലപ്പെടുത്തുമെന്നും പ്രതികരിച്ചു.

നാളത്തെ പ്രതിപക്ഷ യോഗം നിര്‍ണായകമാണെന്ന് ജയ്‌റാം രമേശ് പറഞ്ഞു. പാറ്റ്‌ന യോഗത്തിന്റെ തുടര്‍ച്ചയാണ് നാളത്തെ യോഗം. 26 പാര്‍ട്ടികള്‍ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യം ഉറപ്പാക്കാനും ജനാധിപത്യ സ്ഥാപനങ്ങള്‍ സംരക്ഷിക്കാനുമാണ് പ്രതിപക്ഷ ഐക്യമെന്ന് കെസി വേണുഗോപാല്‍ പ്രതികരിച്ചു. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ജനാധിപത്യത്തെ അട്ടിമറിക്കുകയാണ്. രാഹുലിന്റെ അയോഗ്യത, മഹാരാഷ്ട്രയിലെ അട്ടിമറി, തമിഴ്‌നാട്ടിലടക്കമുള്ള റെയ്ഡുകളും ജനാധിപത്യത്തെ തകര്‍ക്കുന്നതാണ്. മണിപ്പൂര്‍ കത്തുമ്പോഴും സര്‍ക്കാര്‍ ഒരു നടപടിയും എടുത്തില്ല. പ്രധാനമന്ത്രി മോദി നിശബ്ദനാണ്. വിലക്കയറ്റം അതിന്റെ മൂര്‍ദ്ധന്യത്തില്‍ നില്‍ക്കുകയാണെന്നും ജനങ്ങള്‍ ഇതിന് മറുപടി നല്‍കുമെന്നും കെസി വേണുഗാപല്‍ പറഞ്ഞു. ഞങ്ങള്‍ ഒത്തു ചേര്‍ന്നത് ഒന്നിച്ച് മുന്നോട്ട് നീങ്ങാനാണ്. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ശ്രമിക്കുക. ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യും. പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട നടപടികളും നയങ്ങളും ചര്‍ച്ച ചെയ്യും. നാളത്തെ എന്‍ഡിഎ യോഗം പ്രതിപക്ഷ യോഗത്തെ നേരിടാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Top