ഡല്‍ഹി മദ്യനയ കേസ്; ആം ആദ്മി പാര്‍ട്ടിയെ പ്രതിചേര്‍ക്കാന്‍ ഇ.ഡി നീക്കം

ഡല്‍ഹി: ഡല്‍ഹി മദ്യനയ കേസില്‍ ആം ആദ്മി പാര്‍ട്ടിയെ പ്രതിചേര്‍ക്കാന്‍ ഇ.ഡി നീക്കം. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ 70-ാം വകുപ്പ് പ്രകാരമാകും എഎപിയെ പ്രതിചേര്‍ക്കുക. കള്ളപ്പണ ഇടപാടുകളില്‍ ഏര്‍പ്പെടുന്ന കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെയാണ് പി.എം.എല്‍.എ നിയമത്തിലെ 70-ാം വകുപ്പ് പ്രകാരം കേസെടുക്കാറ്. എന്നാല്‍, ഈ വകുപ്പ് പ്രകാരം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എതിരെയും കേസുകള്‍ എടുക്കാന്‍ സാധിക്കുമെന്ന് ഇ.ഡി വൃത്തങ്ങള്‍ വ്യക്തമാക്കി.

നിലവില്‍ തന്നെ കമ്പനികള്‍ക്കും ട്രസ്റ്റുകള്‍ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇ.ഡിക്ക് അധികാരമുണ്ട്. കള്ളപ്പണ ഇടപാടുകളില്‍ ഏര്‍പ്പെടുന്ന കമ്പനികള്‍, സ്ഥാപനങ്ങള്‍, ട്രസ്റ്റുകള്‍ എന്നിവയില്‍ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കാന്‍ നിയമ പ്രകാരം ഇ.ഡിക്ക് സാധിക്കുക.

ഇതേനിയമം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബാധകമാണെന്നും രാഷ്ട്രീയ പാര്‍ട്ടികളാണെങ്കില്‍ അവരുടെ അധ്യക്ഷന്‍, സെക്രട്ടറി, കണ്‍വീനര്‍, ട്രഷറര്‍ എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ കഴിയുമെന്നാണ് ഇ.ഡിയുടെ നിലപാട്. ആം ആദ്മി പാര്‍ട്ടിക്കെതിരെ കേസെടുക്കുകവഴി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെതിരായ നടപടി കൂടുതല്‍ ശക്തമാക്കാനാണ് ഇ.ഡിയുടെ നീക്കം.

Top