കൊച്ചി: മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ വി എസ് ശിവകുമാറിന് വീണ്ടും ഇ ഡി നോട്ടീസ്. തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. കഴിഞ്ഞ മാസം ഇരുപതിന് ശിവകുമാറിനെ എൻഫോഴ്സ്മെന്റ് വിളിപ്പിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവെച്ചു. അനധികൃത സ്വത്ത് സമ്പാദനം, കള്ളപ്പണ ഇടപാട് തുടങ്ങിയ വിഷയങ്ങളിലാണ് മുൻമന്ത്രിയോട് ഇഡി വിവരങ്ങൾ തേടുന്നത്. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രി കൈമാറ്റവുമായി ബന്ധപ്പെട്ടും പരിശോധന നടക്കുന്നുണ്ട്.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിവകുമാറിനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് സ്‌പെഷല്‍ സെല്‍ നേരത്തെ എഫ്ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ശിവകുമാറിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായിരുന്ന എം രാജേന്ദ്രന്‍, ഷൈജു ഹരന്‍, എന്‍ എസ് ഹരികുമാര്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. ശിവകുമാർ മന്ത്രിയായിരുന്നപ്പോള്‍ രണ്ട് സുഹൃത്തുക്കളുടെയും ഡ്രൈവറുടെയും പേരിൽ ബിനാമി സ്വത്ത് സമ്പാദിച്ചുവെന്നാണ് എഫ്ഐആറില്‍ പറയുന്നത്.
2016ലാണ് ശിവകുമാറിനെതിരെ വിജിലൻസിൽ പരാതി ലഭിക്കുന്നത്. പിന്നാലെ അഴിമതി നിരോധന നിയമപ്രകാരം ശിവകുമാറിനെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ വിജിലന്‍സിന് സർക്കാർ അനുമതി നൽകി. 18.5.2011 നും 20.5.2016 നുമിടയിൽ ശിവകുമാറിന്റെ അടുപ്പക്കാരുടെെ സ്വത്തിൽ വർദ്ധനയുണ്ടായെന്നാണ് വിജിലൻസ് പറയുന്നത്. തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ എസ്പി വി എസ് അജിയാണ് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ എഫ്ഐആർ സമർപ്പിച്ചത്.