കെ.എം ഷാജിയെ ഇഡി അടുത്ത മാസം 10ന് ചോദ്യം ചെയ്യും

കോഴിക്കോട്: അഴീക്കോട് പ്ലസ് ടു കോഴക്കേസില്‍ കെ എം ഷാജി എംഎല്‍എയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നവംബര്‍ 10ന് ചോദ്യം ചെയ്യും. കോഴിക്കോട് ഇഡി നോര്‍ത്ത് സോണ്‍ ഓഫീസില്‍ ആയിരിക്കും ചോദ്യം ചെയ്യല്‍. കെ എം ഷാജി എംഎല്‍എ ഉള്‍പ്പെടെ 30 പേര്‍ക്ക് ഇഡി ഇന്നലെയാണ് നോട്ടീസ് നല്‍കിയത്. കോഴ ആരോപണം ആദ്യം ഉയര്‍ത്തിയ മുസ്ലിം ലീഗ് മുന്‍ പ്രാദേശിക നേതാവ് നൗഷാദ് പൂതപ്പാറയില്‍ നിന്ന് ഇഡി ഇന്നലെ മൊഴിയെടുത്തിരുന്നു.

അഴിമതി ആരോപണം ആദ്യം ഉന്നയിച്ച ലീഗ് മുന്‍ പ്രാദേശിക നേതാവ് നൗഷാദ് പൂതപ്പാറയ്‌ക്കൊപ്പം സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍, പിടിഎ ഭാരവാഹികള്‍, സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ സിപിഎം നേതാവ് കുടുവന്‍ പത്മനാഭന്‍ എന്നിവര്‍ക്കും എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയതായാണ് വിവരം.

പ്ലസ്ടു കോഴ്‌സ് അനുവദിക്കാനായി കെഎം ഷാജി എംഎല്‍എ അഴീക്കോട് സ്‌കൂള്‍ മാനേജ്‌മെന്റില്‍ നിന്നും 25 ലക്ഷം കോഴവാങ്ങിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായെന്നാണ് വിജിലന്‍സ് എഫ്‌ഐആര്‍. സ്‌കൂളിലെ വരവ് ചെലവ് കണക്കുകള്‍ പരിശോധിച്ചതില്‍ നിന്നും സാക്ഷിമൊഴികളില്‍ നിന്നും ഇക്കാര്യം വ്യക്തമാണെന്നും എഫ്‌ഐആറില്‍ പറയുന്നു.

Top