ഡൽഹി: ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിന് മേൽ കുരുക്ക് മുറുക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ജെയിനെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചതായി ഇ.ഡി അറിയിച്ചു. ആം ആദ്മി പാർട്ടിയിലെ ഒരുപാട് തലകൾ ഇനിയും ഉരുളുമെന്നാണ് ബിജെപിയുടെ പ്രതികരണം. അതേസമയം സത്യേന്ദ്ര ജെയിനിന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും.
സത്യേന്ദ്ര ജെയിനിന്റെ വീടടക്കം ഏഴിടങ്ങളിൽ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ കള്ളപ്പണ ഇടപാടിലെ ശക്തമായ രേഖകൾ ലഭിച്ചതായി ഇ ഡി അറിയിച്ചു. തെക്ക് കിഴക്കൻ ഡൽഹിയിലെ രാം പ്രകാശ് ജ്വല്ലറിയിൽ നിന്നും. 2.23 ലക്ഷം രൂപയും, വൈഭവ് ജെയിൻ എന്ന സത്യേന്ദർ ജയിനിന്റെ കൂട്ടാളിയിൽ നിന്നും 20 ലക്ഷം രൂപയും, 1.80 കിലോ തൂക്കം വരുന്ന 133 സ്വർണ്ണ നാണയങ്ങളും ഇ ഡി പിടികൂടിയിരുന്നു. കള്ളപണ ഇടപാടിൽ നേരിട്ടോ അല്ലാതെയോ പങ്കുള്ളവരാണ് ഇവർ ഇരുവരുമെന്ന് ഇ ഡി അറിയിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ, സത്യേന്ദ്ര ജയിനിന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കാൻ ഇരിക്കെയാണ് ഇ ഡി വീണ്ടും റെയ്ഡ് നടത്തിയത്. റെയ്ഡിൽ കൂടുതൽ പണവും സ്വർണ്ണവും പിടികൂടിയ സാഹചര്യത്തിൽ ആം ആദ്മി പാർട്ടിക്കെതിരെ കടുത്ത വിമർശനവുമായി ബിജെപിയും കോൺഗ്രസ്സും രംഗത്ത് വന്നു.