തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 11 പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ് പുരോഗമിക്കുന്നു. കൊച്ചി ഇഡി ഓഫീസില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെയാണ് പരിശോധന തുടങ്ങിയത്. എറണാകുളം, തൃശൂര്‍, മലപ്പുറം, ചാവക്കാട്, കുമ്പളം എന്നിവിടങ്ങളിലെ 12 ഇടങ്ങളിലാണ് ഇ ഡി റെയ്ഡ്. മുന്‍ പിഎഫ്‌ഐ നേതാവ് ലത്തീഫിന്റെ വീട്ടിലും ഇ ഡി പരിശോധന നടത്തുന്നു. 250 സിആര്‍പിഎഫ് ജീവനക്കാരുടെയും പൊലീസിന്റെയും സുരക്ഷയിലാണ് പരിശോധന പുരോഗമിക്കുന്നത്.
ചാവക്കാട് മുനയ്ക്കകടവില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് ലത്തീഫ് പോക്കാക്കില്ലത്തിന്റെ വീട്ടിലും കൊച്ചി കുമ്പളത്ത് പിഎഫ്‌ഐ മുന്‍ ജില്ലാ പ്രസിഡന്റ് ജമാല്‍ മുഹമ്മദിന്റെ വീട്ടിലുമടക്കം 11 ഇടത്താണ് പരിശോധന പുരോഗമിക്കുന്നത്. മലപ്പുറം അരീക്കോട് എസ്ഡിപിഐ നേതാവ് നൂറുല്‍ അമീന്റെ മൂര്‍ക്കനാട്ടെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. കൊച്ചിയില്‍ നിന്നുള്ള ഇഡി ഉദ്യോഗസ്ഥരാണ് പരിശോധനക്ക് എത്തിയത്. മലപ്പുറം മഞ്ചേരി കിഴക്കേത്തല സ്വദേശി അബ്ദുള്‍ ജലീല്‍, കാരാപ്പറമ്പ് സ്വദേശി ഹംസ എന്നിവരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്.
നാല് ജില്ലകളിലായി 12 കേന്ദ്രങ്ങളിലാണ് പരിശോധന. നിരോധിത സംഘടനയായ പിഎഫ്ഐയുടെ രണ്ടാം നിര നേതാക്കളുടെ വീടുകളിലാണ് പരിശോധന തുടരുന്നത്. നേരത്തെ പിഎഫ്ഐ കേന്ദ്രങ്ങളില്‍ വ്യാപകമായി എന്‍ഐഎ റെയ്ഡ് നടത്തുകയും നിരവധി നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.