എയര്‍സെല്‍ മാക്‌സിസ് കേസ്; കാര്‍ത്തി ചിദംബരത്തിന്റെ സ്ഥാപനങ്ങളില്‍ പരിശോധന

karthi

ചെന്നൈ: എയര്‍സെല്‍ മാക്‌സിസ് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി)റെയ്ഡ്. ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളിലെ അഞ്ചു സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്. ഒരു വര്‍ഷത്തിനിടെ മൂന്നാം തവണയാണ് കാര്‍ത്തി ചിദംബരത്തിന്റെ വസ്തുവകകളില്‍ പരിശോധന നടത്തുന്നത്.

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ചെയ്ത കേസിലാണ് കാര്‍ത്തി ചിദംബരത്തിന്റെ വസ്തുകകളില്‍ റെയ്ഡ് നടക്കുന്നത്. കാര്‍ത്തി ചിദംബരവുമായി അടുത്ത വ്യക്തികളുടെ വസ്തുവകകളില്‍ ഡിസംബര്‍ മാസത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന നടത്തിയിരുന്നു. സെപ്റ്റംബറില്‍ കാര്‍ത്തി ചിദംബരത്തിന്റെ 1.16 കോടിയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയിരുന്നു. അഡ്വാന്റേജ് സ്ട്രാറ്റജിക് കണ്‍സല്‍റ്റിങ് പ്രൈവറ്റ് ലിമിറ്റഡി(എഎസ്‌സിപിഎല്‍)ന്റെ 26 ലക്ഷം രൂപയുടെ വസ്തുവകകളും കാര്‍ത്തിയുടെ 90 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപങ്ങളും സേവിങ്‌സ് ബാങ്ക് അക്കൗണ്ടിലെ തുകയും ആണു കണ്ടുകെട്ടിയത്.

2006ല്‍ പി. ചിദംബരം ധനമന്ത്രിയായിരിക്കെ, മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.എന്‍.എക്സ് മീഡിയയ്ക്ക് വിദേശ നിക്ഷേപം ലഭ്യമാക്കാന്‍ കാര്‍ത്തി അനധികൃത ഇടപെടല്‍ നടത്തിയെന്നാണ് കേസ്. ഇതിലാണ് സി.ബി.ഐ. അന്വേഷണം നടത്തിയത്. മൂന്നുകോടി രൂപ കാര്‍ത്തി കോഴ വാങ്ങിയെന്നാണ് ആരോപണം. കേസില്‍ പ്രതിചേര്‍ത്ത മുന്‍ കേന്ദ്രമന്ത്രി ദയാനിധിമാരന്‍ അടക്കമുള്ളവരെ കഴിഞ്ഞ ഫെബ്രുവരിയില്‍ സി.ബി.ഐ.പ്രത്യേക കോടതി വിട്ടയച്ചിരുന്നു.

എസ്.ഭാസ്‌കരരാമന്‍ എന്നയാളിലൂടെയാണ് കാര്‍ത്തി എ.എസ്.സി.പി.എല്‍ നിയന്ത്രിച്ചിരുന്നതെന്നു ടുജി സ്‌പെക്ട്രം അഴിമതിക്കേസ് അന്വേഷിക്കുന്ന ഇഡി ജോയിന്റ് ഡയറക്ടര്‍ രാജേശ്വര്‍ സിങ് അറിയിച്ചിരുന്നു. നേരത്തെ, എഫ്‌ഐപിബി അനുമതി ലഭിച്ചയുടനെ എയര്‍സെല്‍ ടെലിവെഞ്ചേഴ്‌സ് 26 ലക്ഷം രൂപ എഎസ്‌സിപിഎല്ലിനു കൈമാറിയിരുന്നു. കാര്‍ത്തിക്കും ബന്ധുവുമായ എ.പളനിയപ്പനും ബന്ധമുള്ള മറ്റൊരു കമ്പനിക്കു മാക്‌സിസ് ഗ്രൂപ്പ് രണ്ടുലക്ഷം ഡോളര്‍ (1.28 കോടി രൂപ) കൈമാറിയതായും ഇഡി അറിയിച്ചിരുന്നു ടുജി ലൈസന്‍സ് വാങ്ങി നല്‍കാന്‍ കാര്‍ത്തി വാങ്ങിയ കോഴയാണിതെന്നാണ് ആരോപണം.

Top