നെടുമ്പാശേരി:പനാമ കള്ളപ്പണ നിക്ഷേപക്കേസില്‍ മലയായി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനെതിരെ നടപടിയുമായി ഇഡി.പനാമ കള്ളപ്പണ നിക്ഷേപക്കേസില്‍ ഇഡി ലുക്ക് ഔട്ട് നോട്ടീസ് പ്രകാരം മലയാളി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ജോര്‍ജ്ജ് മാത്യുവിനെയും കുടുംബത്തെയും നെടുമ്പാശേരി വിമാനത്താവളത്തില്‍ തടഞ്ഞു. എമിഗ്രേഷന്‍ വിഭാഗമാണ് ഇവരെ തടഞ്ഞത്. ജോര്‍ജ് മാത്യുവിന്റെ മകന്‍ അഭിഷേകിനെ ഇഡി ചോദ്യം ചെയ്തു. കേസില്‍ ഹാജരാകന്‍ ജോര്‍ജ് മാത്യുവിനും ഇഡി നോട്ടീസ് അയച്ചു.
ദുബായിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ജോര്‍ജ് മാത്യുവിനെയും കുടുംബത്തെയും എമിഗ്രേഷന്‍ വിഭാഗം തടഞ്ഞത്. കേരളത്തിലെത്തിയ ശേഷം മടങ്ങാനുള്ള ശ്രമത്തിലായിരുന്നു ഇവര്‍. കഴിഞ്ഞ ദിവസം ജോര്‍ജ്ജ് മാത്യുവിന്റെ മകന്‍ അഭിഷേകിനെ ഇഡി കൊച്ചി യൂണിറ്റ് ചോദ്യം ചെയ്തിരുന്നു. പാനമ രേഖകളില്‍ പരാമര്‍ശിക്കുന്ന ‘മോസാക്ക് ഫൊന്‍സേക്ക’ എന്ന സ്ഥാപനത്തിന്റെ വിദേശ ഇടപാടുകള്‍ മാത്യു ജോര്‍ജിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണെന്ന് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 22ന് മാത്യു ജോര്‍ജിന്റെ കൊച്ചിയിലെ വസതിയിലും ഓഫീസിലും ഇഡി പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ കണ്ടെത്തിയ ഡിജിറ്റല്‍ രേഖകള്‍ മൊസാക്ക് ഫൊന്‍സെകയുമായുള്ള ബന്ധത്തിലേക്ക് വെളിച്ചം വീശുന്നതാണ്. മാത്യു ജോര്‍ജിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത നാല് സ്ഥാപനങ്ങളില്‍ ഒന്നിന്റെ ബാങ്ക് അക്കൗണ്ടുകള്‍ വഴി മൊസാക്ക് ഫൊന്‍സെക്കയുടെ 599 ഇടപാടുകാര്‍ക്ക് വേണ്ടി പണമടച്ചതിന്റെ തെളിവ് കണ്ടെടുത്തു.
കേസില്‍ ഹാജരാകന്‍ ജോര്‍ജ് മാത്യുവിനും ഇഡി നോട്ടീസ് അയച്ചു. കമ്പനി വഴി കോടികളുടെ നിക്ഷേപം നടന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ജോര്‍ജിനും മക്കള്‍ക്കും കള്ളപ്പണ നിക്ഷേപത്തില്‍ പങ്കുണ്ടെന്ന് ഇഡി പറയുന്നു. ലോകത്തെ പ്രമുഖരുടെ കള്ളപ്പണ നിക്ഷേപങ്ങള്‍ക്ക് സഹായമൊരുക്കിയ പനാമയിലെ നിയമസ്ഥാപനമാണ് മൊസാക് ഫൊന്‍സെക. എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റിന് പുറമേ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യുണിറ്റ്, ആദായ നികുതി വകുപ്പ് തുടങ്ങിയവര്‍ വിഷയത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.