റാഞ്ചി: ഖനന അഴിമതി കേസില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ വീട്ടില്‍ ഇഡി സംഘം എത്തി. പൊലീസ് എസ്‌കോര്‍ട്ടോടെയാണ് ഇഡി സംഘം മുഖ്യമന്ത്രിയുടെ വീട്ടില്‍ എത്തിയത്. ചോദ്യം ചെയ്യല്‍ അല്പസമയത്തിനകം ആരംഭിക്കുമെന്നാണ് വിവരം. ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയെ ഇ ഡി ചോദ്യം ചെയ്യുന്നതിന്റെ പശ്ചാത്തലത്തില്‍ റാഞ്ചിയില്‍ കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രതിഷേധ സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ വസതി, രാജഭവന്‍, ഇ ഡി ഓഫീസ് എന്നിവിടങ്ങളില്‍ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്. ചോദ്യം ചെയ്യലിനെതിരെ ജനങ്ങള്‍ പ്രതിഷേധിക്കുമെന്ന് ഖങങ മുന്നറിയിപ്പ് നല്‍കിയിരുന്നു. 14 ഗോത്ര സംഘടനകള്‍ രാജഭവന് മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. സംരക്ഷണം തേടി ഇഡി, ഡിജിപിക്ക് കത്തയച്ചിരുന്നു. ഖനന അഴിമതി കേസില്‍ ഹേമന്ത് സോറനെ ഇ ഡി ഇന്ന് ചോദ്യം ചെയ്യാനിരിക്കേ കനത്ത സുരക്ഷ തന്നെയാണ് ഏര്‍പ്പാടാക്കിയിരിക്കുന്നത്.
ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച-കോണ്‍ഗ്രസ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ബിജെപിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ഗൂഢാലോചനയുടെ ഭാഗമാണ് ഇ ഡി ചോദ്യം ചെയ്യലെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ പറഞ്ഞു. അഴിമതി ആരോപണങ്ങളെ അടിസ്ഥാനരഹിതമെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ തന്നെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള കൂടുതല്‍ നേതാക്കളുടെ പിന്നാലെ ഇ.ഡിയെ അയക്കുമെന്നും അദ്ദേഹം പരിഹസിച്ചു.