ലൈഫ് മിഷൻ കേസിൽ സിഎം രവീന്ദ്രനെ നാളെ ഇഡി ചോദ്യം ചെയ്യും

എറണാകുളം:ലൈഫ് മിഷൻ കരാറിലെ കള്ളപ്പണ കേസിൽ മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ നാളെ ഇഡി ചോദ്യം ചെയ്യും. ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട എല്ലാ ഇടപാടും സിഎം രവീന്ദ്രന്‍റെ അറിവോടെയെന്നാണ് സ്വപ്ന സുരേഷിന്‍റെ മൊഴി. അതേസമയം കള്ളപ്പണകേസിൽ പാർട്ടി പരിശോധിക്കേണ്ട വിഷയമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രതികരിച്ചപ്പോൾ കോഴ ഇടപാടിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്ന് ബിജെപിയും ആരോപിച്ചു.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ അറസ്റ്റോടെയാണ് ലൈഫ് മിഷൻ കരാറിലെ കള്ളപ്പണ കേസ് വീണ്ടും സർക്കറിനെ പ്രതിരോധത്തിലാക്കിയത്. എന്നാൽ ശിവശങ്കർ ഇപ്പോൾ സർക്കാറിന്‍റെ ഭാഗമല്ലെന്ന് പറഞ്ഞ് ആരോപണത്തെ സിപിഎം പ്രതിരോധിക്കുന്പോഴാണ് നാളെ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഇഡിയ്ക്ക് മുന്നിലെത്തുന്നത്. ലൈഫ് മിഷനിലെ കള്ളപ്പണ ഇടപാടിൽ സിഎം രവീന്ദ്രനെ കരുക്കുന്ന നിരവധി ചാറ്റുകൾ പുറത്ത് വന്നിരുന്നു. കരാർ ഉറപ്പിക്കുന്നതിന് മുൻപ് എം ശിവശങ്കറും സ്വപ്നയും 2019 സെപ്റ്റംബറിൽ നടത്തിയ വാട്സ് ആപ് ചാറ്റിൽ സിഎം രവീന്ദ്രനെ കൂടി വിളിക്കാൻ ശിവശങ്കർ സ്വപ്നയോട് നിർദ്ദേശിക്കുന്നുണ്ട്. കരാറുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം സിഎം രവീന്ദ്രന്‍റെ കൂടി അറിവോടെയാണ് സംഘം നീക്കിയത് എന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭാഷണങ്ങൾ. സ്വപ്ന സുരേഷിന്‍റെ മൊഴിയിൽ യൂണിടാക്കിന് ലൈഫ് മിഷൻ കരാർ നൽകിയതുമായി ബന്ധപ്പെട്ട എല്ലാ ചരട് വലികളിലും സിഎം രവീന്ദ്രന്‍റെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നാണ്.ഈ സാഹചര്യത്തിൽ കോഴപ്പണം പങ്കിട്ടത്തിൽ പങ്ക് എന്ത് എന്നാണ് രവീന്ദ്രൻ വിശദീകരിക്കണ്ടിവരിക.

Top