ഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വിപുലമായ അധികാരങ്ങള്‍ നല്‍കുന്ന വിധിക്കെതിരായ പുന:പരിശോധനാ ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രത്തിന് നോട്ടീസയച്ചു. ചീഫ് ജസ്റ്റിസ് എന്‍.വി രമണ, ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, സി.ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്. ജൂലായ് 27-ന് പുറപ്പടുവിച്ച വിധിയിലെ രണ്ട് കാര്യങ്ങള്‍ പുന:പരിശോധിക്കേണ്ടതുണ്ടെന്നാണ് പ്രാഥമിക പരിശോധനയില്‍ തങ്ങളുടെ വിലയിരുത്തലെന്ന് കോടതി വ്യക്തമാക്കി.
എന്‍ഫോഴ്‌സ്‌മെന്റ് കേസിന്റെ ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് (ഇ.സി.ഐ.ആര്‍) കുറ്റാരോപിതന് നല്‍കേണ്ടതില്ലെന്ന് ജൂലായ് 27-ന് പുറപ്പടുവിച്ച വിധിയില്‍ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇത് പുന:പരിശോധിക്കേണ്ടതുണ്ടെന്നാണ് തങ്ങളുടെ അഭിപ്രായമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. നിരപരാധിത്വം തെളിയിക്കാനുള്ള ബാധ്യത ആരോപിതനില്‍ നിക്ഷിപ്തമാക്കുന്ന വ്യവസ്ഥയും പുന:പരിശേധിക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
അതേസമയം, കള്ളപ്പണ ഇടപാടുകള്‍ തടയുന്നതിനുള്ള സര്‍ക്കാരിന്റെ നടപടികളില്‍ ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കി. വിദേശത്തുള്ള കള്ളപ്പണം മടക്കിക്കൊണ്ടുവരുന്നത് ഉള്‍പ്പടെയുള്ള നടപടികളെ കോടതി പിന്തുണയ്ക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. അതേസമയം, ജൂലായ് 27-ന് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പുറപ്പടുവിച്ച വിധി പുന:പരിശോധിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം തള്ളിയാണ് ചീഫ് ജസ്റ്റിസ് നോട്ടീസയച്ചത്.