കൊച്ചി: മുനമ്പം മനുഷ്യക്കടത്തില്‍ നടന്ന സാമ്പത്തിക ഇചപാടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധിക്കും. മനുഷ്യക്കടത്ത് നടത്താനായി ദയാമാതാബോട്ടില്‍ യാത്ര തിരിച്ചവര്‍ ഒന്നര ലക്ഷം രൂപ വീതം മുഖ്യഇടനിലക്കാര്‍ക്ക് കൈമാറിയിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. കേസില്‍ പിടിയിലായ രവി സനൂപിന്റെയും പ്രഭാകരന്റെയും മൊഴികളില്‍ നിന്നാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.
ബോട്ടില്‍ യാത്ര തിരിച്ച 120 ഓളം പേരില്‍ നിന്നായി പണം കൈപ്പറ്റിയതായാണ് വിവരം. ആളുകളില്‍ നിന്ന് ഒരു കോടി 80 ലക്ഷത്തോളം രൂപ ഇവര്‍ അനധികൃതമായി വാങ്ങിയിട്ടുണ്ടെന്നാണ് വിവരം. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ അന്വേഷണസംഘം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറിയിട്ടുണ്ട്.
അതേസമയം മുഖ്യ ഇടനിലക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാകാത്തത് അന്വേഷണസംഘത്തെ കുഴയ്ക്കുകയാണ്. ശ്രീകാന്തന്‍ വിദേശത്തേക്ക് കടന്നതായി സൂചനകള്‍ ഉണ്ടെങ്കിലും സെല്‍വന്‍ എവിടെയെന്നത് അവ്യക്തമാണ്. ഇടനിലക്കാരെ പിടികൂടാത്ത സാഹചര്യത്തില്‍ കേസ് മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്ന നിലപാടിലാണ് അന്വേഷണസംഘം.പിടിയിലായവരില്‍ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ ബോട്ട് എത്താന്‍ സാധ്യതയുള്ള ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങി രാജ്യങ്ങള്‍ക്ക് ഇന്റലിജന്‍സ് ഏജന്‍സികള്‍ വിവരം കൈമാറിയിട്ടുണ്ട്. അവിടെ നിന്ന് ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാകും തുടരന്വേഷണത്തില്‍ തീരുമാനം ഉണ്ടാകുക.