തൃശൂര്‍: കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസില്‍ എ സി മൊയ്തീന്‍ എംഎല്‍എ ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകും. കൊച്ചിയിലെ ഓഫീസിലാണ് എ സി മൊയ്തീന്‍ ഹാജരാവുക. തിങ്കളാഴ്ച ഹാജരാകാന്‍ നേരത്തെ ഇഡി എസി മൊയ്തീന് നോട്ടീസ് നല്‍കിയിരുന്നു.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെ തുടര്‍ന്ന് മാറ്റിവച്ചിരുന്ന നിയമസഭാ സമ്മേളനം നാളെ പുനരാരംഭിക്കാനിരിക്കെയാണ് എസി മൊയ്തീന്‍ എംഎല്‍എ ഇഡിക്ക് മുമ്പില്‍ ഹാജരാകുന്നത്. നേരത്തെ ഓഗസ്റ്റ് 31നും സെപ്തംബര്‍ 4നും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അസൗകര്യം ചൂണ്ടിക്കാണിച്ച് എ സി മൊയ്തീന്‍ ഹാജരാകില്ലെന്ന് അറിയിക്കുകയായിരുന്നു.
കേസില്‍ ചോദ്യം ചെയ്യലിന് ഇനിയും ഹാജരായില്ലെങ്കില്‍ എ സി മൊയ്തീന്‍ എംഎല്‍എക്കെതിരെ കടുത്ത നടപടിയിലേക്ക് നീങ്ങാന്‍ ഇ ഡിക്ക് നേരത്തെ നിയമോപദേശം ലഭിച്ചിരുന്നു.കേസില്‍ അന്വേഷണം നേരിടുന്ന മുന്‍ മാനേജര്‍ ബിജു കരീമിന്റെ ബന്ധുകൂടിയാണ് എ.സി മൊയ്തീന്‍. ബെനാമി ലോണ്‍ തട്ടിപ്പിന്റെ ആസൂത്രകന്‍ സതീഷ് കുമാറുമായി എ.സി മൊയ്തീനിന് അടുത്ത ബന്ധമുണ്ടെന്നും സതീഷ് സിറ്റിംഗ് എംഎല്‍എയുടെയും മുന്‍ എംപിയുടെയും ബെനാമിയാണെന്നും. ഇഡി വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ സിപിഎം കൗണ്‍സിലര്‍ അനൂപ് ഡേവിഡ് കാട, എംപി അരവിന്ദാക്ഷന്‍, സതീഷ് കുമാറിന്റെ ഇടനിലക്കാരന്‍ ജിജോര്‍ അടക്കമുള്ളവരോടും ഇന്ന് വീണ്ടും ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.