edapadi palani swmai in AIADMKA assumbly leader

ചെന്നൈ: അണ്ണാ ഡിഎംകെ നിയമസഭാകക്ഷി നേതാവായി ജലസേചന മന്ത്രി എടപ്പാടി പളനിസാമിയെ തിരഞ്ഞെടുത്തു.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശശികലയ്‌ക്കെതിരെ സുപ്രീംകോടതി വിധി വന്നതിനു പിന്നാലെയാണ് ഈ നീക്കം. അണ്ണാ ഡിഎംകെ എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്ന കൂവത്തൂരിലെ റിസോര്‍ട്ടില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം. ശശികലയും ഇന്നലെ മുതല്‍ ഈ റിസോര്‍ട്ടിലുണ്ടായിരുന്നു.

പനീര്‍സെല്‍വത്തെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കുകയും ചെയ്തു. തന്റെ വിശ്വസ്തനെ പാര്‍ട്ടി നിയമസഭാകക്ഷി നേതൃസ്ഥാനം ഏല്‍പ്പിക്കാനുള്ള ശശികലയുടെ നീക്കമാണ് പളനിസാമിയെ തല്‍സ്ഥാനത്തെത്തിച്ചത്. സെങ്കോട്ടൈയ്യന്‍, എടപ്പാടി പളനിസാമി എന്നിവരുടെ പേരുകളാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടത്.

ജയലളിതയുടെ സഹോദരപുത്രന്‍ ദീപക്കിനെ നേതൃസ്ഥാനത്ത് എത്തിക്കാന്‍ നീക്കം നടന്നതായും അഭ്യൂഹങ്ങള്‍ പ്രചരിച്ചു. നീക്കങ്ങളുടെ ഭാഗമായി ഓരോ എംഎല്‍എമാരില്‍നിന്നും മൂന്ന് വെള്ളപ്പേപ്പറുകളില്‍ ഒപ്പ് വാങ്ങിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഇതിനിടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇ.പളനി സാമി രാജ്ഭവനിലേക്ക് പുറപ്പെട്ടു. എം.എല്‍.എമാരുടെ പിന്തുണയടങ്ങിയ കത്ത് കൈമാറും.

Top