ചെന്നൈ:പതിറ്റാണ്ടുകള്‍ക്കുശേഷം താരതിളക്കമോ സെലിബ്രിറ്റി പരിവേഷമോ ഇല്ലാത്ത നേതാവ് തമിഴ്‌നാട് മുഖ്യമന്ത്രി പദത്തിലേയ്‌ക്കെത്തുന്നു.
അനധികൃത സ്വത്തു സമ്പാദന കേസില്‍ സുപ്രീംകോടതി വിധിവന്നതോടെ മുഖ്യമന്ത്രിയാകാനുള്ള വ്യാമോഹം ഉപേക്ഷിച്ച് ജയിലിലേയ്ക്ക് പോകേണ്ടിവന്ന ശശികല, പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവായി എടപ്പാടി കെ. പളനിസ്വാമിയെതന്നെ തിരഞ്ഞെടുത്തു.
പളനിസ്വാമിയുടെ രാഷ്ട്രീയ ചരിത്രം, ജയലളിതയോടുള്ള വിശ്വസ്തതയും കൂറും നിറഞ്ഞതായിരുന്നു. ആദ്യം ജയലളിതയുടെയും പിന്നീട് ശശികലയുടെയും വിശ്വസ്തന്‍ എന്നതുതന്നെയാണ് പളനിസ്വാമിയ്ക്ക് മുഖമന്ത്രി പദത്തിലെത്താന്‍ കാരണമായത്. പാര്‍ട്ടിയില്‍ കാര്യമായ എതിര്‍പ്പുകള്‍ ഉയരാനിടയില്ലാത്ത, അഭിമതനായ നേതാവായതും അനുകൂല ഘടകമായി.
124 എംഎല്‍എമാരുടെ പിന്തുണയോടെയാണ് പളനിസ്വാമി മന്ത്രിസഭ രൂപീകരിക്കുന്നത്. ശശികല ജയിലിലേയ്ക്ക് പോയിട്ടും എംഎല്‍എമാരെ ഒപ്പം നിര്‍ത്തി മുഖ്യമന്ത്രി പദത്തിലേയ്‌ക്കെത്താന്‍ പളനിസ്വാമിയ്ക്ക് സാധിച്ചു.
എഐഎഡിഎംകെയില്‍ വലിയ സ്വാധീനമുള്ള ഗൗണ്ടര്‍ വിഭാഗത്തില്‍നിന്നുള്ള നേതാവാണ് പളനിസ്വാമി. എടപ്പാടി മണ്ഡലത്തില്‍നിന്ന് നാല് തവണ എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിലവിലെ മന്ത്രിസഭയില്‍ ദേശീയപാതതുറമുഖ വകുപ്പ് മന്ത്രിയാണ് അദ്ദേഹം.
സേലത്തെ ക്ഷീര കര്‍ഷകര്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുകൊണ്ടാണ് പളനിസ്വാമി പൊതുപ്രവര്‍ത്തന രംഗത്തെത്തുന്നത്. 1974 മുതല്‍ എഐഎഡിഎംകെയില്‍ സജീവമായി പ്രവര്‍ത്തിച്ചു തുടങ്ങി. രാഷ്ട്രീയത്തില്‍ പെട്ടെന്നുള്ള വളര്‍ച്ചയായിരുന്നു പളനിസ്വാമിയ്ക്കുണ്ടായത്. 1989, 1991, 2011, 2016 വര്‍ഷങ്ങളില്‍ അദ്ദേഹം എടപ്പാടിയെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. 1998ല്‍ തിരച്ചെങ്ങോട് മണ്ഡലത്തില്‍നിന്ന് ലോക്‌സഭയിലേയ്ക്കും തിരഞ്ഞെടുക്കപ്പെട്ടു.
എംജിആറിന്റെ വിശ്വസ്തനായിരുന്നു പളനിസ്വാമി. എന്നാല്‍, 1987ല്‍ എംജിആറിന്റെ മരണത്തെ തുടര്‍ന്ന് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ പളനിസ്വാമി ജയലളിതയെ പിന്തുണയ്ക്കുകയും ജയലളിതയുടെ വിശ്വസ്തനായി തുടരുകയും ചെയ്തു. ജയലളിതയുടെ മന്ത്രിസഭയില്‍ പനീര്‍ശെല്‍വം കഴിഞ്ഞാല്‍ അടുത്ത സ്ഥാനമാണ് പളനിസ്വാമിക്ക് ഉണ്ടായിരുന്നത്. പനീര്‍ശെല്‍വം, ആര്‍ വിശ്വനാഥന്‍, ആര്‍ വൈത്തിലിംഗം എന്നിവരടങ്ങുന്ന ‘നാല്‍വര്‍ അണി’ എന്ന് വിളിക്കപ്പെടുന്ന ഈ സംഘത്തിലെ പ്രധാനിയായാണ് പളനിസ്വാമി കരുതപ്പെട്ടിരുന്നത്.
2016ലെ തിരഞ്ഞെടുപ്പില്‍ സേലം ജില്ലയിലെ 11 സീറ്റുകളില്‍ എ 10 സീറ്റുകളും ഐഎഡിഎംകെയ്ക്ക് നേടിക്കൊടുക്കുന്നതില്‍ പളനിസ്വാമിയ്ക്ക് നിര്‍ണായക പങ്കുണ്ടായിരുന്നു.