എടപ്പാള്‍ മേല്‍പ്പാലം; അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

മലപ്പുറം: എടപ്പാള്‍ മേല്‍പ്പാല നിര്‍മാണത്തിന്റെ നിര്‍മ്മാണം അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ച് കേരള പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഏറ്റവും മുന്തിയ പരിഗണന നല്‍കി വേഗത്തില്‍ പണിപൂര്‍ത്തീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. തിരുവനന്തപുരത്ത് തിരിച്ചെത്തിയ ശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി യോഗം ചേര്‍ന്ന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.

എടപ്പാള്‍ മേല്‍പ്പാല നിര്‍മാണ പ്രവര്‍ത്തികള്‍ നേരില്‍ കണ്ട് വിലയിരുത്തുന്നതിനായി എത്തിയതായിരുന്നു മന്ത്രി. ഏറ്റവും പ്രാധാന്യമേറിയ ദേശീയപാതയെന്ന നിലയിലാണ് അടിയന്തരമായി എടപ്പാള്‍ മേല്‍പ്പാലത്തിന്റെ പ്രവൃത്തികളെ നോക്കിക്കാണുന്നത്. പാലത്തിന്റെ എട്ട് സ്പാനുകളില്‍ ആറെണ്ണം നിലവില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.

ഇതുവരെ 80 ശതമാനത്തോളം ജോലികളാണ് പൂര്‍ത്തിയാക്കിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. തന്റെ വകുപ്പിന് കീഴില്‍ നിലവില്‍ നടന്ന് വരുന്ന പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതോടൊപ്പം പുതിയ പദ്ധതികള്‍ക്ക് കൂടി തുടക്കമിടാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top