മലപ്പുറം: എടപ്പാള്‍ തീയേറ്റര്‍ പീഡനക്കേസില്‍ ചങ്ങരംകുളം എസ്‌ഐയെ അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ചങ്ങരംകുളം എസ്‌ഐ കെ.ജി.ബേബിയെയാണ് അറസ്റ്റ് ചെയ്തത്. കേസില്‍ എസ്‌ഐക്കെതിരേ പോക്‌സോ നിയമം ചുമത്തിയിരുന്നെങ്കിലും ഇതുവരെ അറസ്റ്റുണ്ടായിരുന്നില്ല.
പരാതി അറിഞ്ഞിട്ടും നടപടിയെടുക്കുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് കണ്ടെത്തി എസ്‌ഐയെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു. പിന്നീട് തുടര്‍ നടപടികളൊന്നും അന്വേഷണ സംഘത്തില്‍ നിന്നും ഉണ്ടായിരുന്നില്ല. മലപ്പുറത്തേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് എസ്.ഐയ്‌ക്കെതിരെ ചുമത്തിയിരുന്നത്.
തിങ്കളാഴ്ച തീയേറ്റര്‍ പീഡനവിവരം ചൈല്‍ഡ്‌ലൈനെ അറിയിച്ച തീയേറ്റര്‍ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയതിന് പിന്നാലെയായിരുന്നു എസ്‌ഐയുടെ അറസ്റ്റ്.