കൊച്ചി: ഇടപ്പള്ളി മുതല്‍ അരൂര്‍ വരെ എലിവേറ്റഡ് ഹൈവേ എന്ന ആവശ്യവുമായി ഹൈബി ഈഡന്‍ എം പി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഹൈബി ഈഡന്‍ വിവരം അറിയിച്ചത്. ഇടപ്പള്ളി മുതല്‍ അരൂര്‍ വരെ എലിവേറ്റഡ് ഹൈവേ നിര്‍മ്മിക്കാനുള്ള പഠന വിലയിരുത്തല്‍ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കണമെന്നും കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വാഹന സാന്ദ്രതയുള്ളതും ഗതാഗതക്കുരുക്ക് ഉള്ളതുമായ പ്രദേശത്തെ പ്രത്യേക വികസനം അര്‍ഹിക്കുന്ന നഗര ഭാഗം എന്ന നിലയില്‍ പരിഗണിയ്ക്കണമെന്നും ഹൈബി ഈഡന്‍ ആവശ്യപ്പെട്ടു.
വിഷയം അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കുമെന്നും ,ഡി പി ആര്‍ തയാറാക്കല്‍ വൈകാതെ തന്നെ ആരംഭിക്കുമെന്നും കേന്ദ്രമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഹൈബി ഈഡന്‍ അറിയിച്ചു. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ഈ ഭാഗം ഒഴിച്ച് ബാക്കിയുള്ളിടത്തെല്ലാം 45 മീറ്റര്‍ വീതിയാണുള്ളത്. ഇവിടെ 30 മീറ്ററും ഈ റീച്ചില്‍ നിരവധി വാണിജ്യ സമുച്ചയങ്ങള്‍, ആശുപത്രികള്‍, വ്യാപാര വാണിജ്യ സ്ഥാപനങ്ങള്‍, മറ്റു വന്‍ നിര്‍മ്മിതികള്‍ എന്നിവ തിങ്ങി നിറഞ്ഞതാണ്. ഇവിടെ വീതി കൂട്ടുന്നത് അപ്രായോഗികമാണെന്നും, വലിയ ഒരു പരിധി വരെ അസാധ്യമാണെന്നതും മനസിലാക്കിയാണ് എലിവേറ്റഡ് ഹൈവേ എന്ന ആശയം മുന്നോട്ട് വച്ചത്.