എടത്തല പൊലീസ് മര്‍ദനത്തിനിരയായ ഉസ്മാന് കോടതി ജാമ്യം അനുവദിച്ചു

ആലുവ: ആലുവ എടത്തലയില്‍ പൊലീസ് മര്‍ദനത്തിനിരയായ ഉസ്മാന് എറണാകുളം സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. പൊലീസിനെ മര്‍ദിച്ചുവെന്നാരോപിച്ച് കേസെടുത്ത ഉസ്മാനെ നേരത്തെ ആലുവ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ചികിത്സയില്‍ കഴിയുന്നതിനാല്‍ ഉസ്മാന്‍ ആശുപത്രിയില്‍ തുടരുകയായിരുന്നു. മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനാല്‍ ഉസ്മാന്‍ സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു.

ബാലപീഡന കേസിലെ പ്രതിയുമായി സ്വകാര്യ വാഹനത്തില്‍ വരികയായിരുന്ന മഫ്തി പൊലീസ് സംഘത്തിന്റ വാഹനം കുഞ്ചാട്ടുകര സ്വദേശി ഉസ്മാന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇതേചൊല്ലി പൊലീസുകാരും ഉസ്മാനും തമ്മില്‍ തര്‍ക്കമായി. യൂണിഫോമിലല്ലാതിരുന്നതിനാല്‍ ആളറിയാതെ പൊലീസുമായി ഉസ്മാന്‍ കയര്‍ത്തു. തുടര്‍ന്ന് അഞ്ചംഗ പൊലീസ് സംഘം നടുറോഡിലിട്ടും തുടര്‍ന്ന് വാഹനത്തില്‍ വലിച്ചു കയറ്റി എടത്തല സ്റ്റേഷനിലെത്തിച്ചും ക്രൂരമായി മര്‍ദിച്ചെന്ന് ദൃക്‌സാക്ഷികളും നാട്ടുകാരും പറയുന്നു.

നാട്ടുകാര്‍ എടത്തല പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചതോടെയാണ് ഉസ്മാനെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് തയാറായതെന്നും ആരോപണമുണ്ട്. ആശുപത്രിയില്‍ ഉസ്മാനെ പ്രവേശിപ്പിക്കാതിരിക്കാന്‍ പൊലീസ് ഡോക്ടര്‍മാര്‍ക്കു മേല്‍ സമ്മര്‍ദം ചെലുത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ആശുപത്രിക്കു മുന്നിലും നേരിയ സംഘര്‍ഷമുണ്ടായി. അതേസമയം ഉസ്മാനില്‍ നിന്ന് മര്‍ദനമേറ്റെന്ന പരാതിയുമായി ഒരു പൊലീസുദ്യോഗസ്ഥനും ആലുവ ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു.

Top