ഇനി പുതിയ കോൺടാക്ട് സേവ് ചെയ്യാൻ ഫോണിലെ കോണ്ടാക്ട് ആപ്പിനെ ആശ്രയിക്കേണ്ട. കോൺടാക്റ്റുകൾ എഡിറ്റ് ചെയ്യാനും പ്രൊട്ടക്ട് ചെയ്യാനും ഉപയോക്താക്കളെ സഹായിക്കുന്ന ഫീച്ചറാണ് ഇക്കുറി വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്നത്. നിലവിൽ ഇത് ബീറ്റാ ടെസ്റ്റർമാര്‌ക്ക് മാത്രമേ ലഭിക്കൂ. കോൺടാക്റ്റുകൾ ആഡ് ചെയ്യാനോ എഡിറ്റുചെയ്യുന്നതിനോ നിലവിൽ ഫോണിന്റെ കോൺടാക്റ്റ് ആപ്പ് ഉപയോഗിക്കണം എന്ന നിലവിലെ രീതിയ്ക്ക് ഇതോടെ മാറ്റം വരും.
വാട്ട്‌സ്ആപ്പിന്റെ പ്രവർത്തനങ്ങൾ ട്രാക്കുചെയ്യുന്ന വെബ്‌സൈറ്റായ വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ പറയുന്നതനുസരിച്ച്, പുതിയ ഫീച്ചർ നിലവിൽ ആൻഡ്രോയിഡ് ബീറ്റ ടെസ്റ്റർമാർക്ക് മാത്രമേ ലഭ്യമാകൂ. പുതിയ ഫീച്ചർ ആക്‌സസ് ചെയ്യാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾ അവരുടെ വാട്ട്‌സ്ആപ്പ് ബീറ്റ പതിപ്പ് അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്.
പുതിയ കോൺടാക്ട് ഫോണിലേക്കോ ഗൂഗിളിലേക്കോ സേവ് ചെയ്യാനുള്ള ഓപ്ഷനുമുണ്ട്. എല്ലാ ബീറ്റ ഉപയോക്താക്കൾക്കും ഈ ഫീച്ചറിലേക്ക് ആക്‌സസ് ഉണ്ടായിരിക്കില്ല, കൂടുതൽ ഉപയോക്താക്കൾക്ക് ഫീച്ചർ ലഭ്യമാക്കുന്നതിന് കുറച്ച് സമയമെടുത്തേക്കാം. ഐഒഎസ് ഉപയോക്താക്കൾക്ക് എപ്പോൾ ഫീച്ചർ ലഭ്യമാക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടില്ല. പുതിയ അപ്ഡേറ്റ് ഉപയോക്താക്കളെ സമയം ലാഭിക്കാൻ സഹായിക്കുകയും ആപ്പിനെ കൂടുതൽ ഉപയോക്തൃ സൗഹൃദമാക്കുകയും ചെയ്യും.
അടുത്തിടെ ചാറ്റ് പ്രൈവറ്റാക്കാനുള്ള ഓപ്ഷൻ വാട്ട്സാപ്പ് അവതരിപ്പിച്ചിരുന്നു. ലോക്ക് ചാറ്റ് എന്ന പുതിയ ഫീച്ചറാണ് വാട്ട്‌സാപ്പ് പരിചയപ്പെടുത്തിയത്. ആൻഡ്രോയിഡ് ബീറ്റ പതിപ്പിലാണ് ഈ ഫീച്ചറും പരീക്ഷിക്കുന്നത്. പുതിയ ഫീച്ചർ അനുസരിച്ച് ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യ ചാറ്റുകൾ, കോൺടാക്ടുകൾ, ഗ്രൂപ്പുകൾ എന്നിവ ലോക്ക് ചെയ്യാൻ കഴിയും. ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യ ചാറ്റുകൾ ആർക്കൊക്കെ ആക്‌സസ് ചെയ്യാനാകുമെന്നതിലും പൂർണമായും നിയന്ത്രണം കൊണ്ടുവരാം.
വാബെറ്റ് ഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച് ഒരു ചാറ്റ് ലോക്ക് ചെയ്ത് കഴിഞ്ഞാൽ, പിന്നിടത് ഓപ്പൺ ചെയ്യാൻ ഉപയോക്താവിന് മാത്രമേ കഴിയൂ. അവരുടെ വിരലടയാളമോ പാസ്‌കോഡോ ഉപയോഗിച്ചാണ് ലോക്ക് സെറ്റ് ചെയ്യുന്നത്. ക്ലിയറായ വിൻഡോ ആയിരിക്കും ഉപയോഗിക്കാൻ ശ്രമിക്കുന്ന ആളിന് മുന്നിൽ ഓപ്പൺ ആകുക. ലോക്ക് ചെയ്‌ത ചാറ്റിൽ അയയ്‌ക്കുന്ന ഫോട്ടോകളും വീഡിയോകളും ഫോണിന്റെ ഗാലറിയിൽ ഓട്ടോമാറ്റിക് ഡൗൺലോഡാകുന്നില്ല എന്നും ലോക്ക് ചാറ്റ് ഫീച്ചർ ഉറപ്പാക്കുന്നു.