ഈ സഹനസമര വിജയം ഒരു പാഠമാകണം . . ഒത്തുതീര്‍പ്പിനില്ലാത്ത ചങ്കൂറ്റത്തിന്റെ വിജയം

sreejith

ഹോദരന്റെ ഘാതകരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരിക എന്നതിനപ്പുറം സ്വന്തം മാതാപിതാക്കളെ കൊല്ലുന്ന മക്കളും, മക്കളെ കൊല്ലുവാന്‍ മടിക്കാത്ത അമ്മമാരുമൊക്കെയുള്ള പുതിയ കാലത്ത് . . കൂടെപിറപ്പിനോടുള്ള സ്‌നേഹം എന്താണെന്ന് കൂടി സമൂഹത്തിന് കാണിച്ച് തരുന്നുണ്ട് ശ്രീജിത്ത് തന്റെ സഹനസമരത്തിലൂടെ . .

അധികാരി വര്‍ഗ്ഗത്തെ മുള്‍മുനയില്‍ നിര്‍ത്താന്‍ രാഷ്ട്രീയ കേരളത്തില്‍ ഒരു പാര്‍ട്ടിയുടെയും പിന്‍ബലമില്ലന്ന് കൂടി തെളിയിച്ച സമരമാണിത്.

ഇപ്പോഴെങ്കിലും ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജീവിന്റെ കസ്റ്റഡി മരണത്തില്‍ സി.ബി.ഐ അന്വേഷണത്തിന് ബന്ധപ്പെട്ടവര്‍ ഉത്തരവിട്ടില്ലായിരുന്നുവെങ്കില്‍ തമിഴകത്തെ വിറപ്പിച്ച ജല്ലിക്കെട്ട് സമര രൂപത്തില്‍ കേരളം ഇന്നുവരെ സാക്ഷ്യം വഹിക്കാത്ത ഒരു പ്രക്ഷോഭത്തിന് തന്നെ 771 ദിവസം നീണ്ട് നിന്ന ഈ വണ്‍മാന്‍ ‘ആര്‍മി’യുടെ സമരം തിരികൊളുത്തുമായിരുന്നു.

എല്ലാം കച്ചവടക്കണ്ണുകളോടെ മാത്രം കാണുന്ന പരമ്പരാഗത മാധ്യമ ലോകത്തിനല്ല, സോഷ്യല്‍ മീഡിയക്കാണ് പുതിയ കാലത്ത് കരുത്തെന്ന് തമിഴകത്ത് ജല്ലിക്കെട്ടും കേരളത്തില്‍ ശ്രീജിത്തിന്റെ സമരവും സാക്ഷ്യപ്പെടുത്തുന്നു.

ഒരിക്കല്‍ പോലും കാണാത്ത ഒരു വ്യക്തിക്കു വേണ്ടി . . അവന്‍ ഉയര്‍ത്തിയ ആവശ്യത്തിനു വേണ്ടി . . തെരുവിലിറങ്ങിയവര്‍ വലിയ പ്രതീക്ഷയാണ് ഈ സമൂഹത്തിന് മുന്‍പാകെ നല്‍കുന്നത്.

ഈ തീ നാളം കെടാതെ സൂക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്.

നീതിക്ക് വേണ്ടി കേഴുന്ന നിരവധി ശ്രീജിത്തുമാര്‍ ഇപ്പോഴും തിരശ്ശീലക്ക് പിന്നിലുണ്ട്. അവര്‍ക്ക് പുറത്ത് വരാന്‍ ഈ സമരം പ്രചോദനമാകട്ടെ.

അതുപോലെ ഉന്നത കേന്ദ്രങ്ങള്‍ ഇടപെട്ടാല്‍ ഏത് കേസും ഒതുക്കി തീര്‍ക്കാമെന്ന ധാര്‍ഷ്ട്യത്തിനുള്ള ഒരു മുന്നറിയിപ്പു കൂടിയാവണമിത്.

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ കൂട്ടായ്മയായ കോം ഇന്ത്യ സംയുക്തമായി എഴുതുന്ന എഡിറ്റോറിയല്‍ . .

വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാപനങ്ങളും മാധ്യമങ്ങളും ചേര്‍ന്നു അവര്‍ക്ക് ഗുണകരമായ രീതിയില്‍ മാത്രം കെട്ടിപ്പടുത്ത ഒരു സാമൂഹ്യ ക്രമത്തിനേറ്റ വെല്ലുവിളിയാണ് സോഷ്യല്‍ മീഡിയയുടെ ഉയര്‍ച്ച. താന്‍ നേരിടുന്ന അനീതിക്കെതിരെ ഇന്നു ഒരു വ്യവസ്ഥാപിത സാഥാപനത്തിന്റെയും പിന്തുണയില്ലാതെ ഒരു മാധ്യമത്തിന്റെയും സഹായമില്ലാതെ ആര്‍ക്കും ശബ്ദം ഉയര്‍ത്താനും ആ ശബ്ദം അധികാരികളിലെത്തിക്കാനും എളുപ്പത്തില്‍ സോഷ്യല്‍ മീഡിയയ്ക്ക് കഴിയും. ഏതു സാധരണക്കാരനും പറയുന്ന ഒരു കാര്യം അര്‍ത്ഥവത്താണെങ്കില്‍ ലോകത്തെ ഏറ്റവും വലിയ മാധ്യമത്തില്‍ വരുന്നതിനേക്കാള്‍ ശക്തമായി തന്നെ ജനങ്ങളുടെ ഇടയില്‍ എത്തിക്കാന്‍ സാധിക്കേണ്ടതുണ്ട്.

ഇപ്പോള്‍ അതിന് പണച്ചെലവില്ല, മനുഷ്യ അദ്ധ്വാനമില്ല, ആരുടെയും ശുപാര്‍ശയും വേണ്ട. ഏതാനും വര്‍ഷങ്ങള്‍ മുന്‍പ് വരെ ഇതായിരുന്നില്ല സ്ഥിതി. വ്യവസ്ഥാപിത സംവിധാനങ്ങള്‍ക്ക് വിനയാകുന്ന ഒന്നും വെളിച്ചം കാണാതിരിക്കാനും ഒറ്റപ്പെട്ട ശബ്ദങ്ങള്‍ മുളയിലെ നുള്ളാനും അന്ന് സാധിക്കുമായിരുന്നു. 5000 രൂപയും മള്ളൂര്‍ വക്കീലുമുണ്ടെങ്കില്‍ ആരെയും കൊല്ലാം എന്നു പണ്ട് പറഞ്ഞിരുന്നത് പോലെ കയ്യില്‍ പത്ത് കാശുണ്ടെങ്കില്‍ എന്തും ചെയ്യാം എന്നൊരു അവസ്ഥയായിരുന്നു ഈയടുത്ത കാലത്ത് വരെ. എന്നാല്‍ സോഷ്യല്‍ മീഡിയ ഒറ്റപ്പെട്ട നിലവിളികളുടെ പ്രചാരകരായി മാറിയടോടെ അത്തരം വാതിലുകള്‍ എല്ലാം അടഞ്ഞിരിക്കുകയാണ്.

എന്നാല്‍ ഇന്നും നേരം വെളുക്കാത്തവര്‍ തന്നെയാണ് നമ്മുടെ നേതാക്കളിലും മാധ്യമങ്ങളിലുമുള്ള വലിയ വിഭാഗം എന്നത് അടുത്ത കാലത്തെ ചില അനുഭവങ്ങള്‍ തെളിയിക്കുന്നു. മാധ്യമങ്ങള്‍ക്ക് പരസ്യം നല്‍കിയാല്‍ ഏതു വിഷവും വിറ്റു കാശാക്കാനാവുന്ന സാഹചര്യം ഇന്നും നമ്മുടെ നാട്ടില്‍ ഉണ്ട്. പണം ലഭിക്കുന്നത് കൊണ്ട് ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്തകള്‍ പോലും പ്രസിദ്ധീകരിക്കാതിരിക്കുക, പരസ്യം ലഭിക്കുന്നത് കൊണ്ട് ഏതു നിസ്സാര കാര്യവും ഊതിപ്പെരുപ്പിച്ച് വലുതാക്കുക തുടങ്ങിയ നീച സംഭവങ്ങളാണ് മുഖ്യധാര മാധ്യമങ്ങള്‍ പുലര്‍ത്തുന്നതെങ്കില്‍ ഒത്തു തീര്‍പ്പ് രാഷ്ട്രീയത്തിന്റെ പേരില്‍ എന്തിനും ഏതിനും വിട്ടു വീഴ്ച ചെയ്യുന്നവരായി രാഷ്ട്രീയക്കാരിലെ വലിയ വിഭാഗവും മാറുന്നു.

ഇത്തരം സംഘടിതമായ നെറികേടിനെതിരെയുള്ള ശക്തമായ വെല്ലുവിളി ആയിരുന്നു ശ്രീജിത്തിന്റെ സമരത്തിലൂടെ കേരളത്തില്‍ ഉയര്‍ന്നു വന്നത്. സ്വന്തം അനുജനെ കൊന്നവനെ പിടിക്കണം എന്നാവശ്യപ്പെട്ട് രണ്ട് വര്‍ഷത്തിലധികം ഒരാള്‍ സത്യാഗ്രഹം ഇരിക്കയും ആ സത്യാഗ്രഹം ഇതുവരെ പൊതുജനം കാണാതെ പോവുകയും ചെയ്തു എന്നത് ഗൗരവമായി ചിന്തിക്കേണ്ട കാര്യമാണ്. ഒടുവില്‍ സോഷ്യല്‍ മീഡിയ അതൊരു ഹാഷ് ടാഗ് ആക്കി മാറ്റിയതോടെയാണ് ശ്രീജിത്ത് കേരളത്തിലെ ഏതു കൊച്ചു കുഞ്ഞിനും അറിയാവുന്ന പ്രശസ്തമായ ഒരു പേരായി മാറിയത്.

ശ്രീജിത്തിന് നീതി വേണം എന്ന കാര്യത്തില്‍ ആരോപണ വിധേയരായ പൊലീസുകാരൊഴികെ ആര്‍ക്കും അഭിപ്രായ വ്യത്യാസം ഇല്ല എന്ന സാഹചര്യത്തിലേയ്ക്കാണ് അത് പിന്നീട് നയിച്ചത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എല്‍ഡിഎഫും ചെന്നിത്തലയുടെ നേതൃത്വത്തില്‍ യുഡിഎഫും കുമ്മനത്തിന്റെ നേതൃത്വത്തില്‍ ബിജെപിയും ശ്രീജിത്തിന് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. അതിന്റെ ഒക്കെ തുടര്‍ച്ചയായി സിബിഐ അന്വേഷണം സംബന്ധിച്ച ഉത്തരവ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

മുഖ്യമന്ത്രിയുടെ പ്രതിനിധിയായ എം വി ജയരാജന്‍ സമരപ്പന്തലില്‍ എത്തി കൈമാറിയ സിബിഐ അന്വേഷണ ഉത്തരവും കോടതിയില്‍ നല്‍കിയ പെറ്റീഷനും ഈ സമരത്തിന് വിജയകരമായ സമാപനം തന്നെയാണ് സൂചിപ്പിക്കുന്നത്. ഇനി വേണ്ടത് ചില കടലാസു ജോലികള്‍ മാത്രം. സെക്രട്ടറിയേറ്റിന്റെ മുന്‍പില്‍ ഇരുന്നു 771 ദിവസം നഷ്ടപ്പെടുത്തിയ ഒരു മനുഷ്യന്റെ കേസാണ് ഇതെന്നു കരുതി വേണ്ടത്ര ഉത്തരവാദിത്തം സര്‍ക്കാരുകള്‍ കാട്ടിയാല്‍ നാളെ തന്നെ ശ്രീജിത്തിന് സമരം അവസാനിപ്പിക്കാം.

ഇതെല്ലാം സംഭവിച്ചത് സോഷ്യല്‍ മീഡിയയുടെ ഇടപെടല്‍ മാത്രം കൊണ്ടാണ്. ഇതിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ പലരും എത്തുന്നുണ്ടെങ്കിലും അതിന് അര്‍ഹത രണ്ടു വര്‍ഷത്തിലധികം മഴയും വെയിലും കൊണ്ടു സെക്രട്ടറിയേറ്റ് നടയില്‍ പട്ടിണി കിടന്ന ശ്രീജിത്തിനുള്ളതാണ്. മറ്റാരെങ്കിലും കൈയടി അര്‍ഹിക്കുന്നെങ്കില്‍ അത് സോഷ്യല്‍ മീഡിയ മാത്രമാണ്. സോഷ്യല്‍ മീഡിയയെ ഒരു ആശയ ഇടപെടലിന്റെ പ്ലാറ്റ്‌ഫോം എന്നതിനപ്പുറം സാമൂഹ്യ ഇടപെലിന്റെ ഉപകരണമാക്കി മാറ്റിയിരിക്കുകയാണ് ഈ സമരം. ലോകം എമ്പാടുമുള്ള ലക്ഷക്കണക്കിന് മലയാളികള്‍ ആണ് ശ്രീജിത്ത് എന്ന യുവാവിന്റെ ഒറ്റയാന്‍ പോരാട്ടത്തിന്റെ പ്രചാരകനായി മാറിയത്. വൈറല്‍ എന്ന വാക്കിന്റെ യഥാര്‍ത്ഥ ശക്തി ആദ്യമായി മലയാളികള്‍ മനസ്സിലാക്കിയത് ഒരു പക്ഷേ ഈ സമരത്തിലൂടെ മാത്രമായിരിക്കാം.

സോഷ്യല്‍ മീഡിയ തെരുവില്‍ ഇറങ്ങിയ ദിവസം പ്ലക്കാടുമായെത്തി സെക്രട്ടറിയേറ്റ് പടിക്കല്‍ എത്തിയവര്‍ മാത്രമല്ല, ഈ സമരത്തിന് ആവേശം പകര്‍ന്ന നൂറുകണക്കിന് വ്യക്തികള്‍ക്കും ഇതില്‍ പങ്കുണ്ട്. നിരവധി ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ് ഗ്രൂപ്പുകള്‍ ഇതിന്റെ ഭാഗമായി. എന്നാല്‍ അവരില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല ഈ വിജയത്തിന്റെ ക്രെഡിറ്റ്. ഇതിനെയാണ് ഇപ്പോള്‍ വ്യാജ പ്രചാരണങ്ങള്‍ കൊണ്ടും പഞ്ചാരയില്‍ പൊതിഞ്ഞ വാദങ്ങള്‍ കൊണ്ടും വ്യവസ്ഥാപിത സംവിധാനങ്ങള്‍ നക്കി കൊല്ലാന്‍ ശ്രമിക്കുന്നത്. ഇത് പ്രബുദ്ധ കേരളം തിരിച്ചറിയണം.

ഈ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിന്റെ ഭാഗമായ ഞങ്ങള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സംഘിടിതമായി തന്നെ പ്രഖ്യാപിക്കട്ടെ, തളരാതെ പോരാടുന്ന ശ്രീജിത്തിനെ പോലെയുള്ളവര്‍ക്കൊപ്പം തന്നെയാണ് ഞങ്ങള്‍. ഞങ്ങള്‍ക്കിടയില്‍ ആശയപരമായി പല കാര്യങ്ങളിലും ഭിന്നതയുണ്ട്. എന്നാല്‍ ഇത്തരം വിഷയങ്ങളില്‍ ഒറ്റ നിലപാട് എടുക്കാനും സോഷ്യല്‍ മീഡിയയുടെ ഇടപെടലിനൊപ്പം നിന്നു സാമൂഹ്യ ഉത്തരവാദിത്വം നിറവേറ്റാനുമാണ് സംഘടനാപരമായി ഞങ്ങളുടെ തീരുമാനം. ഇനിയുള്ള കാലവും ശ്രീജിത്തിനെ പോലെ നീതിക്കു വേണ്ടി പോരാടുന്നവര്‍ക്കൊപ്പം അവര്‍ ഉയര്‍ത്തുന്ന വിഷയങ്ങള്‍ സമൂഹത്തില്‍ സജീവമായി ചര്‍ച്ചയാക്കാന്‍ തന്നെയാണ് ഞങ്ങളുടെ തീരുമാനം. ഇതുപോലെയുള്ള മതവും ജാതിയും രാഷ്ട്രീയവും കടന്നുവരാത്ത ബഹുജന സമരങ്ങളാണ് ഉയര്‍ന്നു വരേണ്ടത്.

ഇത്തരം ശബ്ദങ്ങളാണ് നമ്മുടെ സമൂഹത്തിന്റെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍. അവ വാടി പോകാതെ കാത്തു സൂക്ഷിക്കേണ്ട ചുമതലയാണ് ഞങ്ങളുടേത്. ആ ചുമതല നിറവേറ്റുക മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നത്. വ്യവസ്ഥാപിതമായി ഒന്നിന്റെയും പിന്തുണ ഇല്ലാതെ ഉയര്‍ന്നു കേള്‍ക്കുന്ന എല്ലാ സാമൂഹിക ശബ്ദങ്ങളും ബാധ്യതയില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ ഞങ്ങള്‍ തയ്യാറല്ല. ശ്രീജിത്തിനെ പോലെയുള്ള ജനകീയ സമരങ്ങളെ വാര്‍ത്തയിലൂടെ മാത്രമായിരിക്കില്ല ഞങ്ങള്‍ സഹായിക്കുക. പ്രസ്തുത സമരങ്ങള്‍ക്ക് വേണ്ട സഹായങ്ങളും നിയമ സഹായങ്ങളും ചെയ്യേണ്ട ബാധ്യത കൂടി ഞങ്ങള്‍ക്ക് ഏറ്റെടുക്കേണ്ടി വരും.

ഇതു ഒറ്റപ്പെട്ട ശബ്ദമായി കരുതി തള്ളിക്കളയാതെ അതിന്റെ പിന്നിലെ യഥാര്‍ത്ഥ ബാധ്യത തിരിച്ചറിഞ്ഞു ചെയ്യാന്‍ കഴിയുന്നവയൊക്കെ ചെയ്യാനുളള ഉത്തരവാദിത്തമാണ് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കേണ്ടത്. ഇത്തരം ജനകീയ സമരങ്ങളെ മുളയിലെ നുള്ളിക്കളയാന്‍ ശ്രമിക്കാതെ അവര്‍ പറയുന്നത് കേട്ടു പ്രായോഗികമായ പരിഹാരം കണ്ടെത്താന്‍ സര്‍ക്കാരുകള്‍ക്ക് കഴിയണം. അങ്ങനെയെങ്കില്‍ ഭാവിയില്‍ ഇത്തരം പ്രതിഷേധങ്ങള്‍ ഒഴിവാക്കാം. ശ്രീജിത്ത് നമ്മുടെ സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും കണ്ണു തുറപ്പിക്കാനുള്ള ഒരു അടയാളമാണ്.

Top