തിരുവനന്തപുരം : മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച് സിപിഐ മുഖപത്രം ജനയുഗം. ലഘുലേഖയുടെ പേരിൽ യുഎപിഎ ചുമത്തിയത് ദുരൂഹമെന്ന് ജനയുഗം മുഖപത്രം വിമര്‍ശിച്ചു.
ഇവിടെ അറസ്റ്റിലായവരുടെ മാവോ ബന്ധം പൊലീസ് തെളിയിച്ചിട്ടില്ല. ഇവരുടെ വീടുകളില്‍ റെയ്ഡ് നടത്തി മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും തൊണ്ടിയാക്കിക്കൊണ്ടുപോയതും ലഘുലേഖയുമാണ് തെളിവായി കരുതിയിട്ടുള്ളത്. കരിനിയമം ചുമത്തപ്പെട്ടതിന്റെ നിയമസാധുത സംസ്ഥാന സര്‍ക്കാരും പരിശോധിക്കും. പക്ഷെ വിഷയത്തെ രാഷ്ട്രീയമായി സര്‍ക്കാരിനെതിരെ തിരിച്ചുവിടാന്‍ അവസരമൊരുക്കിക്കൂടാ. അതിന് പൊലീസ് ഉദ്യോഗസ്ഥരുടെ നിഗൂഢമായ നീക്കങ്ങളെ നിരീക്ഷിക്കേണ്ടിയിരിക്കുന്നതായും ജനയുഗത്തില്‍ ചൂണ്ടിക്കാട്ടുന്നു.
വെള്ളിയാഴ്ച രാത്രിയാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലൻ, ഷുഹൈബ് താഹാ ഫസൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ കോഴിക്കോട് ജില്ലാ ജയിലിൽ റിമാൻഡിലാണ്. ഇരുവരും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ്. ഇവരിൽ നിന്ന് മാവോയിസ്റ്റ് ലഘുലേഖ കണ്ടെത്തിയെന്നാണ് പൊലീസ് പറയുന്നത്.
മാവോയിസ്റ്റ് ലഘുലേഖ കൈവശം വെച്ചു മാവോയിസ്റ്റ് ആശയ പ്രചരണം നടത്തി എന്നീ കുറ്റങ്ങളാരോപിച്ച് യുഎപിഎ 20,32,39 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.