മുംബൈ: വിവാഹവാഗ്ദാനം നല്‍കി ലൈംഗികബന്ധത്തിന് പ്രലോഭിപ്പിച്ചു എന്ന് പരാതിപ്പെടുന്നത് എല്ലായിപ്പോഴും അംഗീകരിക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി.
വിവാഹ പൂര്‍വ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന വിദ്യാസമ്പന്നയായ യുവതികള്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളുടെ ഉത്തരവാദിത്വവും ഏറ്റെടുക്കണമെന്ന് കോടതി പറഞ്ഞു. ഇരുപത്തിയൊന്നുകാരനെതിരെ മുന്‍ കാമുകി നല്‍കിയ പരാതിയില്‍ വാദം കേള്‍ക്കവേയാണ് ജസ്റ്റിസ് മൃദുല ഭട്കര്‍ ഇങ്ങനെയൊരു നിരീക്ഷണം നടത്തിയത്.
പെണ്‍കുട്ടികളെ പ്രലോഭിപിച്ചാണ് പീഡിപ്പിക്കുന്നതെങ്കില്‍ അതിന് ഏതെങ്കിലും തരത്തിലുള്ള തെളിവ് ആവശ്യമാണ്. എന്നാല്‍ വിവാഹ വാഗ്ദാനം നല്‍കിയാണ് പീഡനം എന്നത് ഒരു പ്രലോഭനമായി കാണാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു.
സമൂഹം മാറിയെങ്കിലും സദാചാരം എന്ന വിഴുപ്പ് തുടര്‍ന്നുകൊണ്ടിയിരിക്കുകയാണ്. വിവാഹസമയത്ത് കന്യകയായിരിക്കണം എന്നത് ഒരു പെണ്‍കുട്ടിയുടെ ചുമതലയായി തലമുറകളായി തുടര്‍ന്നു പോരുന്നുതാനും. എന്നാല്‍ ഇന്നത്തെ തലമുറയ്ക്ക് സമപ്രായക്കാരുമായി ലൈംഗിക ബന്ധമടക്കമുള്ളവയുണ്ട്.
സമൂഹം സ്വതന്ത്രമാകുന്നുവെങ്കിലും സദാചാരപരമായി വിവാഹപൂര്‍വ ലൈംഗിക ബന്ധം ഒരു കുറ്റമായി കരുതിപ്പോരുന്നു. ഒരു പുരുഷനെ പ്രണയിക്കുന്ന പെണ്‍കുട്ടി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണോ വേണ്ടയോ എന്ന് സ്വയം തീരുമാനിക്കണമെന്നും കോടതി പറഞ്ഞു.
ബന്ധങ്ങള്‍ തകര്‍ന്ന ശേഷം ബലാത്സംഗ കേസുകള്‍ നല്‍കുന്ന പ്രവണത വര്‍ധിച്ചുവരുന്നുണ്ട്. ഈ സാഹചര്യത്തില്‍ പെണ്‍കുട്ടിയുടെയും പ്രതിയുടെയും ജീവനും സ്വാതന്ത്ര്യവും ഒരു പോലെ സംരക്ഷിക്കാനുള്ള അവകാശം കോടതിക്കുണ്ടെന്നും ജഡ്ജി നിരീക്ഷിച്ചു.