കോളേജ് പരിപാടിക്കിടെ പ്രിന്‍സിപ്പല്‍ അപമാനിച്ചതിനെത്തുടര്‍ന്ന് ഇക്കഴിഞ്ഞ ദിവസമായിരുന്നു ഗായകന്‍ ജാസി ഗിഫ്റ്റ് വേദി വിട്ടിറങ്ങിയത്. ഗായകനെ പിന്തുണച്ചും പ്രിന്‍സിപ്പലിന്റെ നടപടിക്കെതിരെ പ്രതിഷേധം അറിയിച്ചും നിരവധി പേരാണ് രംഗത്തെതുന്നത്. ‘വിദ്യാഭ്യാസോം വിവരോം രണ്ടും രണ്ടാണെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്’ എന്നാണ് സംഗീത സംവിധായകന്‍ മിഥുന്‍ ജയരാജ് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് മിഥുന്‍ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. മിഥുന്റെ വാക്കുകളെ പിന്തുണച്ച് നിരവധി പേരാണ് പോസ്റ്റിന് താഴെ കമ്മന്റുമായി എത്തിയിരിക്കുന്നത്.
മൈക്ക് പിടിച്ച് വാങ്ങിയതോടെ പ്രിന്‍സിപ്പലിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ജാസി ഗിഫ്റ്റ് വേദി വിട്ട് ഇറങ്ങി പോകുകയായിരുന്നു. പ്രധാന അധ്യാപികയ്ക്ക് പാട്ട് ഇഷ്ടമായില്ല എന്നായിരുന്നു വാദം. എന്നാല്‍ വിദ്യാര്‍ഥികള്‍ സമരം ചെയ്തുവെന്നും വിദ്യാര്‍ഥികള്‍ തനിക്ക് ഒപ്പം നിന്നുവെന്നും ജാസി ഗിഫ്റ്റ് പറഞ്ഞിരുന്നു. പ്രിന്‍സിപ്പലിന്റെ നടപടിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.അതേസമയം തന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍ പ്രതികരിച്ചിരുന്നു. ഉദ്ഘാടകന്‍ ആയ ജാസി ഗിഫ്റ്റിനു മാത്രം പാടാനാണ് അനുമതി നല്‍കിയിരുന്നതെന്നും അധികൃതര്‍ പറഞ്ഞു. വിഷയത്തില്‍ പ്രിന്‍സിപ്പല്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. പുറത്ത് നിന്നുള്ള ആളുകള്‍ക്ക് കോളേജിനകത്ത് സംഗീത നിശ നടത്തുന്നതില്‍ നിയന്ത്രണങ്ങള്‍ ഉണ്ടെന്നും ഇക്കാര്യം മൈക്ക് വാങ്ങി പറയുക മാത്രമാണു ചെയ്തതെന്നുമാണു പ്രിന്‍സിപ്പലിന്റെ വിശദീകരണം.
കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജില്‍, കോളജ് ഡേ പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു ജാസി ഗിഫ്റ്റ്. വേദിയില്‍ ജാസി ഗിഫ്റ്റും സംഘവും പാടുന്നതിനിടയില്‍ പ്രിന്‍സിപ്പല്‍ എത്തി മൈക്ക് പിടിച്ചു വാങ്ങുകയായിരുന്നു. ജാസി ഗിഫ്റ്റ് മാത്രമേ പാടുകയുള്ളൂ എന്ന് അറിയിച്ചതിനാലാണ് പാടാന്‍ അനുവദിച്ചതെന്നും ഒപ്പം പാടാന്‍ എത്തിയ ആളെ ഒഴിവാക്കണമെന്നും പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടു.പ്രശസ്ത സംഗീത സംവിധായകനും ഗായകനുമാണ് മിഥുന്‍ ജയരാജ്. ആന അലറലോടലറല്‍, കാമുകി, പ്രേമസൂത്രം, ഉടലാഴം, സോളോ, സഖാവ്തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. 2017ല്‍ പുറത്തിറങ്ങിയ ഉടലാഴം എന്ന ചിത്രത്തിന് സംഗീതം നല്‍കി.