പുനീത് ഏറ്റെടുത്ത കുട്ടികളുടെ പഠന ചിലവ് ഇനി വിശാൽ വഹിക്കും

ന്തരിച്ച കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാര്‍ പഠനച്ചെലവു വഹിച്ചിരുന്ന 1800 കുട്ടികളുടെ തുടര്‍വിദ്യാഭ്യാസം ഏറ്റെടുത്ത് തമിഴ് നടന്‍ വിശാല്‍. തന്റെ പുതിയ ചിത്രമായ ‘എനിമി’യുടെ പ്രീ റിലീസ് പരിപാടിയിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. പുനീതിന് ആദരമര്‍പ്പിച്ച് തുടങ്ങിയ പരിപാടിയില്‍ സംസാരിക്കവേയാണ് വിശാല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു പുനീത് രാജ്കുമാര്‍. ‘പുനീത് നല്ലൊരു നടന്‍ മാത്രമല്ല, നല്ലൊരു സുഹൃത്ത് കൂടിയായിരുന്നു. സൂപ്പര്‍ സ്റ്റാറുകളില്‍ ഇത്രയും വിനീതനായ മറ്റൊരു നടനെ ഞാന്‍ കണ്ടിട്ടില്ല. സാമൂഹിക പ്രതിബദ്ധതയുള്ള ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം ചെയ്തിരുന്നു. അതിൽ എനിക്ക് ഒരുപാട് അഭിമാനം തോന്നുന്നു. പുനീത് നിര്‍വഹിച്ചിരുന്ന 1800 കുട്ടികളുടെ വിദ്യാഭ്യാസച്ചെലവുകള്‍ അടുത്ത വര്‍ഷം മുതല്‍ അദ്ദേഹത്തിന് വേണ്ടി ഞാനേറ്റെടുത്ത് നടത്തുമെന്ന് ഇവിടെ പ്രതിഞ്ജ ചെയ്യുകയാണ്…’ വിശാല്‍ വ്യക്തമാക്കി.

വെള്ളിയാഴ്ച്ചയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് പുനീതിന്റെ അപ്രതീക്ഷിത മരണം സംഭവിക്കുന്നത്. അച്ഛന്‍ ഡോ. രാജ്കുമാറിനും അമ്മ പാര്‍വതാമ്മക്കും ഒപ്പം കണ്ഠീരവ സ്റ്റുഡിയോയിലാണ് പുനീതിനും അന്ത്യവിശ്രമം ഒരുക്കിയത്.

വിശാല്‍ – ആര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലറാണ് ‘എനിമി’. മംമ്ത മോഹന്‍ദാസ്, മൃണാളിനി രവി, പ്രകാശ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രം നവംബര്‍ നാലിന് തിയറ്ററുകളില്‍ റിലീസ് ചെയ്യും.

 

Top