Education loan; NBFC reap the benefits

കൊച്ചി: വായ്പ തേടിയെത്തുന്ന വിദ്യാര്‍ത്ഥികളോടു വാണിജ്യ ബാങ്കുകള്‍ പൊതുവേ മുഖം തിരിക്കുമ്പോള്‍ വിദ്യാഭ്യാസ വായ്പാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ബാങ്ക് ഇതര ധന സ്ഥാപന (എന്‍ബിഎഫ്‌സി) ങ്ങള്‍ ഉദാര വ്യവസ്ഥകളുമായി നേട്ടം കൊയ്യുന്നു.

സ്‌പോര്‍ട്‌സ് തെറാപ്പി, മ്യൂസിക് ടെക്‌നോളജി, കൊമേഴ്‌സ്യല്‍ മ്യൂസിക്, മീഡിയ ആര്‍ട്‌സ് തുടങ്ങി അപൂര്‍വമായ കോഴ്‌സുകള്‍ തിരഞ്ഞെടുക്കുന്നവര്‍ക്കുപോലും ഇത്തരം സ്ഥാപനങ്ങള്‍ വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നുണ്ട്.

തിരിച്ചടവ് സംബന്ധിച്ച ആശങ്കയാണ്‌ വിദ്യാഭ്യാസ വായ്പകളോടു ബാങ്കുകള്‍ക്ക് ആഭിമുഖ്യമില്ലാത്തതിന്റെ കാരണം. ബാങ്കിങ് മേഖലയില്‍നിന്നുള്ള വിദ്യാഭ്യാസ വായ്പയുടെ 10 ശതമാനത്തോളം കിട്ടാക്കടമാണ്. ഭവന, വാഹന വായ്പകളുടെയും മറ്റും കാര്യത്തില്‍ കിട്ടാക്കടത്തിന്റെ അളവു താരതമ്യേന തീരെ കുറവാണ്.

കോഴ്‌സ് സംബന്ധിച്ചും കോഴ്‌സ് വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങള്‍ സംബന്ധിച്ചുമൊക്കെയുള്ള സംശയങ്ങളുമാണ് ബാങ്കുകളെ ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്ന മറ്റൊരു ഘടകം. അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിലെ പഠനത്തിനായി വായ്പയെടുക്കുന്നതിനെതിരെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ തന്നെ മുന്നറിയിപ്പു നല്‍കിയിട്ടുള്ളതുമാണ്.

ബാങ്കുകളുടെ ഈ നിലപാടാണ് വിദ്യാഭ്യാസ വായ്പയില്‍ ചില എന്‍ബിഎഫ്‌സികള്‍ക്കു മികച്ച ബിസിനസ് അവസരം സമ്മാനിച്ചിരിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ ചെലവ് താങ്ങാനാവാത്ത വിധം വര്‍ധിച്ചതോടെ വായ്പയെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടിയതും ഇവയ്ക്കു നേട്ടമായിട്ടുണ്ട്. വിദേശ പഠനത്തിനും ഉന്നത വിദ്യാഭ്യാസത്തിനും പോകുന്നവരില്‍ വായ്പ തേടുന്നവരുടെ എണ്ണം 15 ശതമാനമായി ഉയര്‍ന്നു.

മാര്‍ജിന്‍ മണി എന്ന വ്യവസ്ഥ മുന്നോട്ടുവയ്ക്കാതെ പഠനച്ചെലവു പൂര്‍ണമായും നല്‍കുന്നതാണ് എന്‍ബിഎഫ്‌സികളുടെ സവിശേഷത. തന്മൂലം ഫീസ് ഇതര ചെലവുകള്‍ക്കു വേറെ പണം കണ്ടെത്തേണ്ട ആവശ്യം വരുന്നില്ല. അപേക്ഷ ലഭിച്ചാല്‍ വളരെ വേഗത്തില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി വായ്പ നല്‍കുന്നതും വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നു.

ദിവാന്‍ ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ അവാന്‍സ് എജ്യുക്കേഷന്‍ ലോണ്‍സ് 2015-16ല്‍ 343 കോടി രൂപയുടെ വിദ്യാഭ്യാസ വായ്പ അനുവദിക്കുകയുണ്ടായി. നടപ്പു സാമ്പത്തിക വര്‍ഷം കമ്പനി 800 കോടി രൂപ വിതരണം ചെയ്യാനാണ് പദ്ധതിയെന്ന് സ്ഥാപന മേധാവികള്‍ പറയുന്നു. അവാന്‍സ് ഇതിനകം 4000 പേര്‍ക്കു വായ്പ നല്‍കിയിട്ടുണ്ട്. 70 ശതമാനത്തോളം വായ്പയും വിദേശ വിദ്യാഭ്യാസത്തിനാണ് നല്‍കിയത്. മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ്, എച്ച്ഡിഎഫ്‌സി ഗ്രൂപ്പില്‍പ്പെട്ട ക്രെഡില ഫിനാന്‍ഷ്യല്‍ സര്‍വീസസ് തുടങ്ങിയവയാണ്‌ ഈ രംഗത്തുള്ള മറ്റ് പ്രമുഖ സ്ഥാപനങ്ങള്‍.

Top