പത്തനംതിട്ട: പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭൗതീക സാഹചര്യങ്ങളോടൊപ്പം അക്കാദമിക നിലവാരവും അന്തര്‍ദേശീയ തലത്തിലേക്ക് ഉയര്‍ത്താനാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്.
റാന്നി വൈക്കം ഗവ.യു.പി സ് കൂളില്‍ രാജു ഏബ്രഹാം എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ഇരുനില കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ സ്‌കൂളുകളിലെ എല്‍.പി, യു.പി വിഭാഗങ്ങളിലെ അധ്യാപകര്‍ക്ക് എട്ടു ദിവസത്തെ അവധിക്കാല പരിശീലനം നല്‍കിയത്. ഇതില്‍ നാലു ദിവസം കമ്പ്യൂട്ടര്‍ പരിശീലനത്തിനായി മാറ്റിവച്ചിരുന്നു. അധ്യാപകരുടെ നിലവാരം അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് പര്യാപ് തമായ രീതിയിലാണ് പരിശീലനം ചിട്ടപ്പെടുത്തിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് തുടര്‍ പരിശീലനങ്ങള്‍ ഇനിയും നല്‍കും.
അധ്യാപകര്‍ മാത്രം വിചാരിച്ചാല്‍ സ് കൂളുകളിലെ അക്കാദമിക നിലവാരം ഉയരില്ല എന്ന് സര്‍ക്കാരിന് ബോധ്യമുണ്ട്. ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് രക്ഷിതാക്കള്‍ക്കും ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള പഠന സംവിധാനങ്ങളെക്കുറിച്ച് പരിശീലനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. രക്ഷിതാക്കളും അധ്യാപകരും ജനപ്രതിനിധികളും പൊതുജനങ്ങളും ഉള്‍പ്പെടെ എല്ലാവരും ഒരേ മനസോടെ പ്രവര്‍ത്തിക്കുമ്പോള്‍ കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ന്ന് രാജ്യത്തിനു തന്നെ മാതൃകയാകുമെന്നും മന്ത്രി പറഞ്ഞു.
മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ് തമായി സ്‌കൂള്‍ തുറക്കുന്നതിനു മുന്‍പ് തന്നെ പാഠപുസ്തകങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള എല്ലാ നടപടികളും പൂര്‍ത്തിയായി. സ് കൂള്‍ തുറക്കുന്ന ദിവസം തന്നെ പാഠപുസ്തകങ്ങളുമായി വിദ്യാര്‍ത്ഥികള്‍ ക്ലാസിലെത്തുമെന്നത് ഈ അധ്യയന വര്‍ഷത്തിന്റെ പ്രത്യേകതയാണ്. 2017-18 അധ്യയന വര്‍ഷം കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ ഏറ്റവും വിപ്ലവകരമായ മാറ്റംകുറിക്കുന്ന ഒരു അധ്യയന വര്‍ഷമായിരിക്കും.
ഈ അധ്യയന വര്‍ഷം സര്‍ക്കാര്‍ സ്‌കൂളുകളിലെ 45,000 ക്ലാസ് മുറികള്‍ ഹൈടെക് ആക്കും. 140 നിയമസഭാ മണ്ഡലങ്ങളിലായി എട്ടു മുതല്‍ 12 വരെയുള്ള ക്ലാസുകളെയാണ് ഹൈടെക് ആക്കുന്നത്. 2018-19 അധ്യയന വര്‍ഷത്തില്‍ യു.പി സ് കൂളുകളെയും പൂര്‍ണമായും ഹൈടെക് ആക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
കാലത്തിനനുസരിച്ച് സ്‌കൂളുകളുടെ ഭൗതീക സാഹചര്യങ്ങളില്‍ കാര്യമായ പുരോഗതി ഉണ്ടായി. അടുത്ത ഘട്ടമായി അക്കാദമിക നിലവാരത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.