വിദ്യാകിരണം മിഷന്‍; 53 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

 

തിരുവനന്തപുരം: വിദ്യാകിരണം മിഷന്റെ ഭാഗമായി നിര്‍മിച്ച 53 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. തിരുവനന്തപുരം പൂവച്ചല്‍ ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലായിരുന്നു സംസ്ഥാനതല ഉദ്ഘാടനം. കിഫ്ബി, നബാഡ്, പ്ലാന്‍ ഫണ്ടുകള്‍ ഉപയോഗിച്ചാണ് അത്യാധുനിക കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. കേരളത്തിന്റെ മുഖച്ഛായ മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അതിന്റെ ഭാഗമാണ് സര്‍ക്കാര്‍ സ്‌കൂളുകളുടെ നവീകരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അത്യാധുനിക സൗകര്യങ്ങളുള്ള 53 സ്‌കൂള്‍ കെട്ടിടങ്ങളാണ് മുഖ്യമന്ത്രി ഇന്ന് നാടിന് സമര്‍പ്പിച്ചത്.സംസ്ഥാനത്തെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് തന്നെ മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് എത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടാകുന്നത്. വികസനപ്രവത്തനങ്ങള്‍ക്കായി എല്ലാവരും ഒരുമിക്കണം. കേരളത്തിന്റെ മുഖശ്ചായ മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം’. മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടര്‍ച്ചയായി നിലവില്‍ വന്ന വിദ്യാകിരണം മിഷന്റെ ഭാഗമായി 90 കോടി ചെലവിട്ടാണ് സ്‌കൂള്‍ കെട്ടിടങ്ങള്‍ ഒരുക്കിയത്. കിഫ്ബി ഫണ്ടില്‍ നിന്നും 52 കോടി ചെലവഴിച്ചു. ഇതില്‍ കിഫ്ബി ധനസഹായത്തോടെ പൂര്‍ത്തിയായ പദ്ധതികള്‍ക്ക് പുറമേ പ്ലാന്‍ ഫണ്ട്, എംഎല്‍എ ഫണ്ട്, നബാര്‍ഡ് എന്നിവ വഴി പൂര്‍ത്തിയാക്കിയവയും ഉള്‍പ്പെടുന്നു.

 

 

Top