ഷെയിന്‍ നിഗവും, നിമിഷാ സജയനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഈടയും, കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ദിവാന്‍ജിമൂല ഗ്രാന്‍ഡ് പ്രിക്‌സും ഇന്ന് തിയേറ്ററിലേയ്ക്ക്. പ്രണയകഥ പറയുന്ന ഈടയുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ബി. അജിത്കുമാറാണ്.
മൈസൂരിലെ ഒരു ഇന്‍ഷുറന്‍സ് കമ്പനിയില്‍ അസിസ്റ്റന്റ് മാനേജര്‍ ആയി ജോലി ചെയ്യുന്ന ആനന്ദിന്റെയും യാദൃശ്ചികമായി പരിചയപ്പെട്ട ഐശ്വര്യയുടെയും പ്രണയത്തെ ഉത്തര മലബാറിന്റെ പശ്ചാത്തലത്തില്‍ ആവിഷ്‌കരിച്ചിരിക്കുകയാണ് ചിത്രം.
സുരഭി ലക്ഷ്മി, അലന്‍സിയര്‍, സുജിത് ശങ്കര്‍, മണികണ്ഠന്‍ ആചാരി, രാജേഷ് ശര്‍മ്മ, സുധി കോപ്പ, ബാബു അന്നൂര്‍, ഷെല്ലി കിഷോര്‍, വിജയന്‍ കാരന്തൂര്‍, സുനിത തുടങ്ങിയ താരനിരയും ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്.ഡെല്‍റ്റ സ്റ്റുഡിയോക്കു വേണ്ടി ശര്‍മിള രാജ നിര്‍മ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് കളക്ടീവ് ഫേസ് വണ്‍ ആണ്.
ദിവാന്‍ജിമൂല ഗ്രാന്റ് പ്രിക്‌സില്‍ സാജന്‍ ജോസഫ് എന്ന കളക്ടര്‍ വേഷത്തിലാണ് കുഞ്ചാക്കോ ബോബന്‍ എത്തുന്നത്. നോര്‍ത്ത് 24 കാതം, സപ്തമശ്രീ തസ്‌കര, ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടീ എന്നി ചിത്രങ്ങള്‍ക്ക് ശേഷം അനില്‍ രാധാകൃഷ്ണമേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദിവാന്‍ജിമൂല ഗ്രാന്‍ഡ് പ്രിക്‌സ്.
കോഴിക്കോട് മുന്‍ ജില്ലാ കളക്ടര്‍ പ്രശാന്ത് നായരും അനില്‍ രാധാകൃഷ്ണമേനോനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ നായികയായി എത്തുന്നത് നൈല ഉഷയാണ്.