യുക്രൈനിലെ മലയാളികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ സത്വരവും ഫലപ്രദവുമായ നടപടികളാണ് സ്വീകരിച്ചത്: മുഖ്യമന്ത്രി

തിരുവനന്തപുരം: യുദ്ധത്തെത്തുടര്‍ന്ന് യുക്രൈനില്‍ അകപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള മലയാളികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ സത്വരവും ഫലപ്രദവുമായ നടപടികളാണ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. സി.കെ.ഹരീന്ദ്രന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

യുക്രൈനിലെ വിവിധ പ്രവിശ്യകളില്‍ അകപ്പെട്ട വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും കത്തയച്ചു. കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രിയുമായി ചര്‍ച്ചയും നടത്തി. വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ ഡല്‍ഹിയിലും മുംബൈയിലും നോര്‍ക്ക ഡെവലപ്മെന്റ് ഓഫീസുകളുടെ നേതൃത്വത്തില്‍ 24 മണിക്കൂറും സംവിധാനം ഏര്‍പ്പെടുത്തി. മുംബൈയിലും ഡല്‍ഹിയിലും കേരള ഹൗസില്‍ താമസവും ഭക്ഷണവും ഒരുക്കി. തുടര്‍ന്ന് അവിടെനിന്ന് സംസ്ഥാന സര്‍ക്കാരിന്റെ ചെലവില്‍ ചാര്‍ട്ടേഡ് വിമാനങ്ങളിലും അല്ലാതെയും വിദ്യാര്‍ത്ഥികളെ നാട്ടില്‍ എത്തിച്ചു. വിമാനത്താവളങ്ങളില്‍ നിന്നും അവരെ നാട്ടിലെത്തിക്കുന്നതിന് സൗജന്യമായി വാഹന സൗകര്യവും ഏര്‍പ്പെടുത്തി.

യുദ്ധം കാരണം മെഡിക്കല്‍ വിദ്യാഭ്യാസം ഉള്‍പ്പെടെ വിവിധ കോഴ്സുകളിലെ പഠനം നിര്‍ത്തി നാട്ടിലേക്ക് മടങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠനം പൂര്‍ത്തിയാക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും, കേന്ദ്രസര്‍ക്കാരിന്റെയും ദേശീയ മെഡിക്കല്‍ കമ്മീഷന്റെയും ശ്രദ്ധയില്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Top