ജറുസലേം: ഇസ്രായേലില്‍ ഹമാസിന്റെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി യുവതി സൗമ്യ സന്തോഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. കുടുംബത്തിന് എല്ലാ സഹായങ്ങളും ഉറപ്പ് നല്‍കിയതായി മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.
ഇന്നലെ വൈകുന്നേരത്തോടെയാണ് സൗമ്യ സന്തോഷ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇസ്രയേലിലെ അഷ്‌കലോണ്‍ നഗരത്തിന് നേര്‍ക്കുണ്ടായ ആക്രമണത്തിലായിരുന്നു സൗമ്യയുടെ മരണം. ഇന്ത്യന്‍ സമയം 6.30 ഓടെയാണ് സൗമ്യ ഷെല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.അഞ്ച് വര്‍ഷമായി സൗമ്യ ഇസ്രായേലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു. ആക്രമണത്തില്‍ സൗമ്യ പരിചരിച്ചിരുന്ന ഇസ്രായേല്‍ വനിതയും മരിച്ചു.
സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ട്. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍ കുടുംബത്തെ അറിയിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് മുന്‍ മെമ്പര്‍മാരായ സതീശന്റെയും സാവിത്രിയുടെയും മകളാണ് കൊല്ലപ്പെട്ട സൗമ്യ. എട്ട് വയസുകാരനായ മകനുണ്ട്.