യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു; വി മുരളീധരന്‍

ഡല്‍ഹി: യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ഇന്ത്യ ആരംഭിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. പ്രാഥമിക ഘട്ടത്തില്‍ ഹംഗറി, സ്ലോവാക്യ, റുമാനിയ, പോളണ്ട് എന്നീ രാജ്യങ്ങളിലൂടെ ഒഴിപ്പിക്കാനാണ് ശ്രമം. ഈ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥര്‍ അതിര്‍ത്തിയില്‍ എത്തിക്കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി.

ഈ നാല് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി കേന്ദ്ര വിദേശകാര്യ മന്ത്രി സംസാരിച്ചിരുന്നു. എല്ലാവരും സഹായിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. അതിര്‍ത്തികളില്‍ നിന്ന് ഏറ്റവും അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിദ്യാര്‍ഥികളെ എത്തിക്കാനാണ് പദ്ധതി. അവിടെ നിന്ന് ഡല്‍ഹിയിലേക്കും മുംബൈയിലേക്കും വിദ്യാര്‍ഥികളെ എത്തിക്കും. ഇതിന്റെ ചിലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പോളണ്ടിലെ ഇന്ത്യന്‍ എംബസി യുക്രൈന്‍ അതിര്‍ത്തിയായ ലിവിവില്‍ ക്യാമ്പ് തുടങ്ങും. പോളണ്ട് വഴി നാട്ടിലേക്ക് തിരിക്കാന്‍ ഓഫീസുമായി ബന്ധപ്പെടണം. ഇതിനായുള്ള നമ്പറും മെയില്‍ ഐഡിയും പ്രസിദ്ധീകരിച്ചു. രക്ഷാദൗത്യവുമായി ശനിയാഴ്ച്ച പുലര്‍ച്ചെ രണ്ടു വിമാനങ്ങള്‍ പുറപ്പെടും. 1500 ഇന്ത്യക്കാര്‍ അതിര്‍ത്തി രാജ്യങ്ങളില്‍ എത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

 

Top