ഈജിപ്ഷ്യന്‍ സുരക്ഷാ സേന നടത്തിയ റെയ്ഡില്‍ 40 ഭീകരരെ വധിച്ചു

കയ്‌റോ: ഈജിപ്ഷ്യന്‍ സുരക്ഷാ സേന വടക്കന്‍ സീനായിലും ഗീസയിലും നടത്തിയ റെയ്ഡുകളില്‍ 40 ഭീകരവാദികളെ വധിച്ചു. വടക്കന്‍ സീനായിയുടെ തലസ്ഥാനമായ എല്‍ ആരിഷില്‍ നിന്ന് പത്തുപേരെയും, ഗീസ ഗവര്‍ണറേറ്റില്‍ നിന്ന് 30 പേരെയുമാണ് വധിച്ചതെന്ന് കയ്‌റോ ഭരണകൂടം അറിയിച്ചു. വെള്ളിയാഴ്ച ഗീസയില്‍ വച്ച് വിയറ്റ്‌നാം വിനോദസഞ്ചാരികളുടെ ബസ് സ്‌ഫോടനത്തില്‍ തകര്‍ന്ന് നാലു പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഈജിപ്ഷ്യന്‍ സൈന്യം റെയ്ഡ് നടത്തിയത്.

ഗീസയിലെ പ്രസിദ്ധമായ പിരമിഡിനു സമീപം റോഡുവക്കില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്നു വിയറ്റ്‌നാംകാരും ഈജിപ്ഷ്യന്‍ ഗൈഡുകളാണ് മരിച്ചത്. സൈനിക നടപടിക്കിടയില്‍ കൊല്ലപ്പെട്ട ഭീകരര്‍ക്ക് ഗീസായിലെ ബോംബ് സ്‌ഫോടനവുമായി നേരിട്ടു ബന്ധമുണ്ടോ എന്ന കാര്യം വ്യക്തമല്ല.

ഭീകരവാദികള്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ദേവാലയങ്ങളിലും ആക്രമണത്തിനു പദ്ധതിയിട്ടിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡെന്നും ബോംബു നിര്‍മാണ വസ്തുക്കള്‍ ഉള്‍പ്പെടെ നിരവധി സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Top