കയ്റോ: ഈജിപ്തില്‍ സ്ഫോടനം നടത്തിയ ഭീകരര്‍ക്ക് ‘അതിഭീകര’ തിരിച്ചടി നല്‍കുമെന്ന് ഈജിപ്ത് പ്രസിഡന്റ് അബ്ദല്‍ ഫത്ത അല്‍ സിസി.
സ്ഫോടനത്തെ തുടര്‍ന്ന് വിളിച്ച അടിയന്തര യോഗത്തില്‍ മൂന്നു ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.
പള്ളിയുടെ പരിസര പ്രദേശങ്ങളില്‍ വ്യോമസേന കനത്ത ആക്രമണം അഴിച്ചുവിട്ടു. പര്‍വതമേഖലകള്‍ കേന്ദ്രീകരിച്ചാണ് വ്യോമാക്രമണം.
ചിതറിയോടിയ ഭീകരര്‍ക്ക് അഭയം നല്‍കില്ലെന്ന് സമീപ ഗ്രാമവാസികളും വ്യക്തമാക്കിയിട്ടുണ്ട്.
സംഭവത്തെത്തുടര്‍ന്ന് കയ്റോ രാജ്യാന്തര വിമാനത്താവളത്തിലടക്കം രാജ്യമെമ്പാടും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.
വടക്കന്‍ സിനായില്‍ പ്രവിശ്യയിലെ അല്‍ റൗദ മോസ്‌ക്കില്‍ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കിടെയാണ് ആക്രമണം ഉണ്ടായത്.
ആക്രമണത്തില്‍ 235 പേര്‍ കൊല്ലപ്പെട്ടു.
പ്രത്യേക വാഹനങ്ങളില്‍ വന്ന തീവ്രവാദികള്‍ പള്ളിയ്ക്കു മുന്നില്‍ വച്ച് വെടിയുതിര്‍ക്കുകയായിരുന്നു എന്ന് സുരക്ഷാ സേന അറിയിച്ചു.
അതേസമയം ഈജിപ്തിലെ ഭീകരാക്രമണത്തില്‍ ഇന്ത്യയും യുഎസും ഇസ്രയേലും ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ അനുശോചനം അറിയിച്ചു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സംഭവത്തെ അപലപിച്ചു. ഇത്തരം അക്രമങ്ങള്‍ ഭീകരമാണെന്നും അതേസമയം ഭീരുത്വം നിറഞ്ഞതാണെന്നും അദ്ദേഹം തന്റെ ട്വിറ്ററില്‍ കുറിച്ചു.
ഭീകരവാദത്തെ വച്ചുപൊറുപ്പിക്കാനാകില്ലെന്നും സൈനിക നടപടിയുണ്ടാകണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
ഭീകരവാദത്തിനെതിരെ രാജ്യാന്തര തലത്തില്‍ കൂട്ടായ്മയുണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് ഇന്ത്യയും വ്യക്തമാക്കി.
ഹുസ്നി മുബാറക് പുറത്താക്കപ്പെട്ട ശേഷം ഈജിപ്തിലെ വടക്കന്‍ സിനായില്‍ ഭീകരസംഘടനകള്‍ പിടിമുറുക്കുകയായിരുന്നു.
വിവിധ ആക്രമങ്ങളിലായി എഴുന്നൂറോളം സൈനികര്‍ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ട്.