ദോഹ: ഈദുല്‍ ഫിത്തര്‍ അവധി ദിനങ്ങളുമായി ബന്ധപ്പെട്ട് പൂര്‍ണ സുരക്ഷ ഉറപ്പാക്കുന്നതിന് ആഭ്യന്തരമന്ത്രാലയം സജ്ജമാണെന്നും ഇതിനായുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായെന്നും മന്ത്രാലയം അറിയിച്ചു. അവധി ദിനങ്ങളിലെ ഏത് അടിയന്തര ഘട്ടവും നേരിടുന്നതിനായി 24 മണിക്കൂര്‍ സേവനം ഉറപ്പാക്കിക്കൊണ്ട് പ്രത്യേക സുരക്ഷാ സേവനങ്ങള്‍ ലഭ്യമാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
മന്ത്രാലയത്തിന് കീഴിലെ ട്രാഫിക് ആന്‍ഡ് പെട്രോള്‍ ഡയറക്ടറേറ്റ്, കോസ്റ്റ് ആന്‍ഡ് ബോര്‍ഡര്‍ സെക്യൂരിറ്റി, അല്‍ ഫസാ പൊലീസ്, കമ്മ്യൂണിറ്റി പോലീസ്, വിവിധ മേഖലകളിലെ സുരക്ഷാ വകുപ്പുകള്‍, എയര്‍പോര്‍ട്ട് പാസ്‌പോര്‍ട്ട് സുരക്ഷാ വിഭാഗം, മറ്റു സുരക്ഷാ വകുപ്പുകള്‍ എന്നിവയെല്ലാം സുരക്ഷ ഉറപ്പാക്കുന്നതിനായി സജ്ജമാണെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ മീഡിയ ആന്‍ഡ് ട്രാഫിക് ബോധവല്‍കരണ വിഭാഗം അസി. ഡയറക്ടര്‍ മേജര്‍ ജാബിര്‍ മുഹമ്മദ് റാഷിദ് ഉദൈബ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പെരുന്നാള്‍ പ്രാര്‍ഥനകള്‍ നടക്കുന്ന എല്ലായിടത്തും പൊലീസിന്റെ പ്രത്യേക പരിശോധന നടത്തും.
കൊമേഴ്‌സ്യല്‍ കോംപ്ലക്‌സുകളിലും ഷോപ്പിംഗ് മാളുകളിലും പാര്‍ക്കുകളിലും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രത്യേക ശ്രദ്ധ നല്‍കുമെന്നും മേജര്‍ ഉദൈബ സൂചിപ്പിച്ചു.
വിവിധ മുനിസിപ്പാലിറ്റികളിലെ സുരക്ഷാ വകുപ്പുകളായ കാപിറ്റല്‍ പോലീസ്, അല്‍റയ്യാന്‍, ദി സൗത്ത്, അല്‍ ശമാല്‍, ദുഖാന്‍ എന്നിവിടങ്ങളിലെ ഡയറക്ടര്‍മാരും ഈദ് അവധി ദിവസങ്ങളില്‍ സുരക്ഷയൊരുക്കാന്‍ ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കും. മന്ത്രാലയത്തിന് കീഴിലുള്ള സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ്, പാസ്‌പോര്‍ട്ട് സുരക്ഷാ വിഭാഗം, ട്രാഫിക് വിഭാഗം തുടങ്ങിയവയും സജ്ജമായിക്കഴിഞ്ഞു.